
ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പീസ് ടിവി മൊബൈല്‍ ആപ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും. സാക്കീര്‍ നായിക്കിന്റെ പീസ് ടിവി മൊബൈല്‍ ആപ്പും യൂട്യുബ് ചാനലും നിരോധിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പീസ് മൊബൈല്‍ ആപ്പ് വഴിയും യൂട്യൂബ് ചാനല്‍ വഴിയും വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
പീസ് ടിവി വിദ്വേഷ പ്രചാരണം നടത്തുകയും മുസ്ലീം യുവാക്കളെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധന നടപടികള്‍. നായിക്കിന്റെ സംഘടനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അറബ് രാജ്യങ്ങളില്‍ നിന്ന് ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐ.ബി റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐ.ബ, എന്‍.ഐ.എ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സാക്കീര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രഭാഷണങ്ങള്‍ രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നാണ് യോഗ വിലയിരുത്തല്‍.
വിദ്വേഷ പ്രചാരണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ രാജ്യം വിട്ട സാക്കീര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലുണ്ടെന്നാണ് സൂചന. ഇംഗ്ലീഷ്, ഉറുദു, ബംഗ്ലാ, ചൈനീസ് ഭാഷകളിലാണ് പീസ് ടിവി ആപ്പിലൂടെയുള്ള മതപ്രഭാഷണം. പീസ് ടി.വി ആപ്പിലൂടെ 24 മണിക്കൂറും സാക്കീര്‍ നായിക്കിന്െ്റ മതപ്രഭാഷണം ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 24 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഈ ആപ്പിന് ലഭിച്ചിട്ടുണ്ട്.






