
സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ്.പി.ബി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സിനിമാ ലോകവും ആരാധകരും പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. അച്ഛന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായി മകന് എസ്.പി ചരണ്‍. മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഉച്ച കഴിഞ്ഞ് 1.04 ഓടെ എസ്.പി.ബി ലോകത്തോട് വിട പറഞ്ഞുവെന്ന് മകന് അറിയിച്ചു. കൊവിഡ് പോസിറ്റീവായത് മുതല്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന എല്ലാവരോടും നന്ദി പറയുന്നു. ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കെെകൂപ്പി വികാരഭരിതനായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
കൊവിഡ് ബാധിച്ച് ഓഗസ്റ്റ് 5 നാണ് അദ്ദേഹത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയായിരുന്നു. എംജിഎം ഹെല്‍ത്ത് കെയറിലെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലായിരുന്നു ഗായകന്.






