
കൊച്ചി : മലയാറ്റൂർ ഇല്ലിത്തോട് പാറമടയിലെ സ്ഫോടനത്തിൽ നടത്തിപ്പുകാരൻ പുത്തേൻ കാലടി ബെന്നി പോലീസിന്റെ പിടിയിൽ. സ്ഫോടനം നടന്നതിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ശനിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ഇല്ലിത്തോടിലെ പാറമടയോട് ചേർന്ന കെട്ടിടത്തിൽ സ്ഫോടനമുണ്ടായത്. അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പാറമട മാനേജരേയും, സ്ഫോടക വസ്തുക്കൾ എത്തിക്കുന്നയാളെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. നിബന്ധനകൾ മറികടന്ന് 1500-ഓളം ഡിറ്റണേറ്റർ, 350-ഓളം ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവ ജോലിക്കാർ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പാറമട നടത്തിപ്പുകാരനെ ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം .ബി ലത്തീഫ് , എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.






