
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ആൾക്കൂട്ട മർദ്ദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മോഷ്ടാവാണെന്ന സംശയത്തെ തുടർന്നാണ് യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
കുൽതാലി മേഖലയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി എത്തിയ യുവാവാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവാവിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
ജൂൺ 9-നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാവിലെ സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയ യുവാവ് വഴിതെറ്റി മറ്റൊരു പ്രദേശത്ത് എത്തിപ്പെട്ടു. പ്രദേശവാസികൾ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഭാഷാപരമായ തടസ്സം കാരണം യുവാവിന് വ്യക്തമായി മറുപടി നൽകാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തുടർന്ന് ഇയാളെ മോഷ്ടാവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
അതേസമയം, പ്രദേശത്തെ ഒരു ഗർഭിണിയായ സ്ത്രീയെ യുവാവ് ശല്യപ്പെടുത്തിയെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവിനൊപ്പം എത്തിയിരുന്ന സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






