ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകള്‍ രാഷ്ട്രപതി ഒപ്പിട്ടതിനെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍. രാഷ്ട്രപതിയുടെ നടപടി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ വിമര്‍ശിച്ചു.
കര്‍ഷകരുടെയും പഞ്ചാബിന്െ്റയും നിലവിളി രാഷ്ട്രപതി ഭവന് കേള്‍ക്കാതിരുന്നത് ദുഃഖകരമാണെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ശനിയാഴ്ച എന്‍.ഡി.എ സഖ്യം വിട്ടിരുന്നു. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ മന്ത്രി രാജിവച്ചതിന് പിന്നാലെയാണ് ശിരോമണി അകാലിദള്‍ മുന്നണി വിട്ടത്.
കാര്‍ഷിക വിപണന നിയന്ത്രണം എടുത്തു കളയുന്ന ബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലും അവശ്യ വസ്തു (ദേഭഗതി) ബില്‍ 2020-ഉം ആണ് കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍്റ് പാസാക്കിയത്. ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ ഇത് നിയമമായി മാറി. പ്രതിപക്ഷത്തിന്‍െ്റ എതിര്‍പ്പ് മറികടന്നാണ് ബില്ലുകള്‍ രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിച്ച് പാസാക്കിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച സി.പി.എം പ്രതിനിധികളായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നുള്ള എം.പിമാരെ സസ്പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു.






