
തിരുവനന്തപുരം : ലൈഫ് മിഷന്റെ വിവാദ ഇടപാടുകളില്‍ ഫയല്‍നീക്കം ദ്രുതഗതിയിലാക്കിയതിനും റെഡ്ക്രസന്റുമായി ധാരണയില്‍ എത്തിയതിനും പിന്നിലെ മുഖ്യആസൂത്രകന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനാണെന്നു സി.ബി.ഐയുടെ പ്രാഥമിക വിലയിരുത്തല്‍. ചരടുവലിച്ചതു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലൈഫ് മിഷന് മേധാവി പദവികള്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തല്‍.
ഒറ്റ ദിവസംകൊണ്ടു റെഡ്ക്രസന്റുമായുളള ധാരണാപത്രം ഒപ്പിട്ടതു ശിവശങ്കരന്റെ സ്വാധീനത്തിന് ഉദാഹരണമാണെന്നു സി.ബി.ഐ. വിലയിരുത്തുന്നു. ഇതിനു നിയമ, തദ്ദേശഭരണ വകുപ്പുകള്‍ ശിവശങ്കരന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി. പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ശിവശങ്കരിന്റെ ഓഫീസിലും സി.ബി.ഐ. പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എന്‍.ഐ.എ. പിടിച്ചെടുത്ത അദ്ദേഹത്തിന്റെ ലാപ്പ്ടോപ്പിലെ വിവരങ്ങളും ശേഖരിക്കും.
ലൈഫ് മിഷന് എക്സിക്യൂട്ടീവ് ചെയര്മാന് എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപാടുകള്‍ക്ക് നേതൃത്വം വഹിച്ചതു ശിവശങ്കരനായിരുന്നു. ഏറ്റവുമൊടുവില്‍ ലൈഫ് മിഷന് സി.ഇ.ഒ. ആയ യു.വി. ജോസും ശിവശങ്കരന്റെ നിര്‍ദേശാനുസരണം ധാരണാപത്രം ഒപ്പിടുകയായിരുന്നു. ശിവശങ്കരന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സി.ബി.ഐ. പരിശോധിക്കും. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ഒരു അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കും.
2018ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ദുബായ് സന്ദര്‍ശനത്തിനിടെയാണു സ്വപ്ന സുരേഷിന്റെ സഹായത്തോടെ ശിവശങ്കര്‍ റെഡ്ക്രസന്റുമായി ബന്ധപ്പെടുന്നത്. പക്ഷേ, ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ റെഡ്ക്രസന്റ് ഇടപാടിലും കമ്മിഷന് വാങ്ങിയതിലും ശിവശങ്കറിനു ബന്ധമില്ലെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി.ബി.ഐ. ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനാല്‍ സ്വപ്ന സുരേഷും ശിവശങ്കരനും ലൈഫ് മിഷന് കേസില്‍ പ്രതികളായേക്കുമെന്നാണു സൂചന.
ശിവശങ്കരന് പറയുന്നത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ലൈഫ് മിഷന് സി.ഇ.ഒ: യു.വി. ജോസിന്റെ മൊഴി. ധാരണാപത്രം ഒപ്പിടുന്നതിനുമുമ്പ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാത്തത് ഇക്കാര്യത്തില്‍ പണം നേരിട്ട് കൈപ്പറ്റാത്തതുകൊണ്ടാണെന്നും യു.എ.ഇ. സര്‍ക്കാര്‍ ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാമെന്നു സമ്മതിച്ചതിനാലുമാണ്. കേരളത്തിലെ ഏതെങ്കിലും ജില്ലയില്‍ 20 കോടി രൂപയുടെ ഫഌറ്റ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്തുകൊടുക്കുക എന്ന ദൗത്യം മാത്രമാണ് തനിക്കുണ്ടായിരുന്നത്. അതിന്റെ രൂപരേഖ തയാറാക്കാനുളള അനുമതി മാത്രമാണ് ലഭിച്ചത്. ബാക്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കരനാണെന്നാണു ജോസിന്റെ മൊഴി.
ഇക്കാര്യങ്ങള്‍ സി.ബി.ഐ. പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കും. ഒപ്പം ശിവശങ്കരനു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഉടന്‍ നോട്ടീസും നല്‍കും. എന്‍.ഐ.എ., ഇ.ഡി. എന്നീ അന്വേഷണ ഏജന്‍സികള്‍ക്കു നല്കിയ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും സാധ്യതയുണ്ട്. വിജിലന്‍സ് പ്രാഥമികാന്വേഷണത്തിനു ശേഖരിച്ച നാലു ഫയലുകള്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് സി.ബി.ഐ. കത്ത് നല്‍കും.
ശിവശങ്കറിന്റെ നിര്‍ദേശം
ലൈഫ് മിഷന് ഇടപാട് എം. ശിവശങ്കരന് നേരിട്ട് തന്നെയായിരുന്നുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം.
'ഒരു പേപ്പര്‍ കൊടുത്തുവിടുന്നു, അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആള്ക്കാര് മുഖ്യമന്ത്രിയെ കാണാനായി എത്തും. ധാരണാപത്രം അടിയന്തരമായി തയാറാക്കണം'ശിവശങ്കരന് തദ്ദേശഭരണവകുപ്പ് ഉന്നതര്‍ക്കു നല്കിയ നിര്‍ദേശം ഇങ്ങനെ.
ഇതിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ കുറിപ്പുംനല്‍കി. ഒറ്റദിവസംകൊണ്ട് ധാരണാപത്രം തയാറാക്കാനാകില്ലെന്നും നിയമവകുപ്പിന് അയയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്കി. പക്ഷേ, ശിവശങ്കര്‍ തൃപ്തനായില്ല. നിയമവകുപ്പിന് അയച്ച് മണിക്കൂറുകള്‍ക്കുളളില്‍തന്നെ ധാരണാപത്രം തയാറാക്കണമെന്നായിരുന്നു അന്ത്യശാസനം. തുടര്‍ന്നു ശരവേഗത്തില്‍ ധാരണാപത്രം തയാറാക്കി ശിവശങ്കരനുമുന്നില് എത്തിക്കുകയായിരുന്നു.






