
സംഗീതലോകത്തെ പ്രതിഭ, ഇന്ത്യയുടെ വാനമ്പാടി, ലതാ മങ്കേഷ്കറിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍. സംഗീതത്തെയും അഭിനയത്തെയും ഒരുപോലെ പ്രണയിച്ച പെണ്‍കുട്ടി... 1942 ല്‍ പുറത്തിറങ്ങിയ പാഹിലി മംഗള ഗോര്‍ എന്ന മറാത്തി ചിത്രത്തിന് വേണ്ടി പാടിയ നടലി ചൈത്രാചി എന്ന ഗാനമാണ് ലതാ മങ്കേഷ്ക്കറിന്റേതായി ആദ്യം പുറത്തിറങ്ങിയ ഗാനം. അതിന് മുന്‍പ്, 1942 ല്‍ പുറത്തിറങ്ങിയ കിടി ഹസാല്‍ എന്ന ചിത്രത്തില്‍ പാടി. എന്നാല്‍, ആദ്യ ഗാനം പുറത്തിറങ്ങിയില്ല.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറിലാണ് ലത ജനിച്ചത്. പാരമ്പര്യമായി ലഭിച്ച സംഗീതത്തെ ലത എന്ന പെണ്‍കുട്ടി വളരുംതോറും കൂടുതല്‍ പരിപോഷിപ്പിച്ചു. ഇതിനിടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
1943 ല്‍ പുറത്തിറങ്ങിയ ഗജാ ബാഹു എന്ന മറാത്തി ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയ ബദല്‍ ദേ തൂ എന്ന ഗാനമായിരുന്ന ലതയുടെ ആദ്യ ഹിന്ദി ഗാനം. 1949ല്‍ ഖേംചന്ദ് പ്രകാശ് സംഗീതം നല്കിയ ആയേഗാ ആനേവാലാ (മഹല്‍) പാടിയതോടെ ഹിന്ദി സിനിമ ലോകത്ത് ലതാ മങ്കേഷ്കര്‍ എന്ന പേര് സ്വര്‍ണലിപികളില്‍ കുറിക്കപ്പെട്ടു.
ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ ലത മങ്കേഷ്കര്‍ പാടിയിട്ടുണ്ട്.
1969ല്‍ പത്മഭൂഷണും 1989ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരവും, 1999ല്‍ പത്മവിഭൂഷണും, 2001ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരതരത്നം തുടങ്ങിയ നിരവധി പുസ്കാരങ്ങള്‍ നല്കി രാജ്യം ലതാ മങ്കേഷ്ക്കറിനെ ആദരിച്ചു.






