
ലക്നൗ: ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ സീറ്റ് പിടിക്കാന്‍ നെട്ടോട്ടം തുടങ്ങി. പ്രമുഖ നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം മക്കളിലേക്ക് പകരാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ സ്വന്തമായി സീറ്റ് പിടിക്കാനും പുറമേ മക്കള്‍ക്കു കൂടി സീറ്റുറപ്പിക്കാനും വേണ്ടി ചരടുവലികള്‍ തുടങ്ങിയിരിക്കുന്നതായിട്ടാണ് വിവരം. മൂന്ന് ഘട്ടമായിട്ടാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക.
ആര്‍ജെഡി ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വീ പ്രസാദ് യാദവിനും മറുവശത്ത് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാനുമാണ് അതാത് പാര്‍ട്ടികള്‍ സീറ്റ് നിര്‍ണ്ണയം നടത്താന്‍ ബാറ്റണ്‍ കൈമാറിയിരിക്കുന്നത്. വലിയ വലിയ സഖ്യങ്ങള്‍ ഇപ്പോഴും നില നില്ക്കുന്ന സാഹചര്യത്തില്‍ സീറ്റ് പങ്കുവെയ്ക്കല്‍ ഫോര്‍മുല പാര്‍ട്ടിയുടെ പുതിയ തലമുറയ്ക്ക് ഏറെ ദുഷ്ക്കരമായിരിക്കും. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ച് വീണുപോയവര്‍ നിയമസഭാ തെരഞ്ഞെടുപ്പിനും മോഹവുമായി എത്തിയിട്ടുള്ളതിനാല്‍ പല പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് നീളം കൂടിയേക്കുമെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ മകന് മാധവ് ഝായ്ക്ക് സീറ്റ് ഒപ്പിക്കാനുള്ള കഷ്ടപ്പാടിലാണ്. ദര്‍ബംഗയിലെ ബെനിപ്പൂരില് നിന്നും മത്സരിച്ച് ജയിക്കാന്‍ മൂന്നാം തലമുറയ്ക്കാണ് ബാറ്റന് നല്‍കിയിട്ടുള്ളത്. ബീഹാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാഗേന്ദ്ര ഝായുടെ മകനാണ് മദന്‍ മോഹന്‍. ആര്‍ജെഡിയുമായി സഖ്യം ഉണ്ടാക്കിയിട്ടുള്ള കോണ്‍ഗ്രസിന് കടുത്ത വിലപേശല്‍ നടത്തേണ്ടി വരും. ആര്.ജെ.ഡിയുടെ സംസ്ഥാന തലവന്‍ ജഗദാനന്ദ് സിംഗ് മകന് സുധാകര്‍ സിംഗിനായി സീറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് രാംഗര്‍ മണ്ഡലമാണ് കണ്ടു വെച്ചിരിക്കുന്നത്. അതേസമയം ബിജെപി ടിക്കറ്റില്‍ മത്സരിച്ച് 2010 ല്‍ തോറ്റയാളാണ് ജഗദാനന്ദ്.
അന്ന് മകന്റെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ച ജഗദാനന്ദ് ഇത്തവണ ആര്.ജെ.ഡി. ടിക്കറ്റില്‍ മത്സരിക്കാന്‍ മകനെത്തിയപ്പോള്‍ പരിപൂര്‍ണ്ണ സന്തോഷത്തിലാണ്. മകന് വേണ്ടി ജഗദാനന്ദ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ചയും നടത്തിയിരിക്കുകയാണ്. ജെ.ഡി. യു. സംസ്ഥാന പ്രസിഡന്‍്റ് വസിഷ്ഠ നാരായണ്‍ സിംഗും മകനെ മത്സരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ സോനു സിംഗിന് എവിടെ സീറ്റ് ഒപ്പിക്കുമെന്ന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല. മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗാ പ്രസാദ് റായിയുടെ മകന് ചന്ദ്രികാ റായിയും മത്സരിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.ജെ. ഡി ടിക്കറ്റില്‍ മത്സരിച്ചു തോറ്റ ചന്ദ്രികാ റായി ഇത്തവണ ജെഡി യുവില്‍ നിന്ന് മത്സരിക്കാനാണ് പ്ലാന്‍. സീറ്റ് വിതരണം ആയിട്ടില്ലെങ്കിലൂം നാലു തവണ തെരഞ്ഞെടുത്ത പാര്‍സ സീറ്റിലാണ് റായിക്ക് കണ്ണ്.
കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ മകന് അര്‍ജിത് ഷാഷ്വത്തിന് സീറ്റ് കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം ബിജെപിയെ തോല്‍പ്പിച്ചപ്പോള്‍ ഭഗല്‍പൂരില്‍ നിന്നും മത്സരിച്ചു തോറ്റുപോയി. എന്നാല്‍ ഇത്തവണ വീണ്ടുമെത്താനൊരുങ്ങുകയാണ്. മുന്‍ ബിജെപി കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവ് മകന് അഭിമന്യുവിന് ഇത്തവണ ടിക്കറ്റ് ഒപ്പിച്ചിട്ടേയുള്ളെന്ന കട്ടായത്തിലാണ്. ബിജെപി എംബപി സസറാം ഛേഡി പസ്വാന് മകന് രവിശങ്കര്‍ പസ്വാന് ചേനാരി മണ്ഡലത്തിലോ മോഹാനിയാ മണ്ഡലത്തിലോ അവസരം ഒപ്പിക്കാനുള്ള ശ്രമത്തിലാണ്. മുമ്പ് രണ്ടു മണ്ഡലത്തിലും ഛേഡി പസ്വാന് മത്സരിച്ചു ജയിച്ചിട്ടുള്ളയാളാണ്. 2015 ലും മകന് വേണ്ടി ഒരു ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ബിജെപി അത് തള്ളി. എന്നാല്‍ സമാജ്വാദി പാര്‍ട്ടിക്കൊപ്പം നിന്ന് രവിശങ്കര്‍ മത്സരിച്ചെങ്കിലും പൊട്ടി. എന്നാല്‍ ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മകന് സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് കിട്ടുമെന്നാണ് രവിശങ്കര്‍ കരുതുന്നത്.
കോണ്‍ഗ്രസ് രാജ്യസഭാ എംപി അഖിലേഷ് സിംഗ് മകന് ആകാശ് കുമാര്‍ സിംഗിനെ രംഗത്ത് ഇറക്കാന്‍ ശ്രമം നടത്തുന്നുണ്ട്. നേരത്തേ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ ടിക്കറ്റില്‍ കിഴക്കന്‍ ചമ്പാരനിലെ ലോക്സഭാ സീറ്റില്‍ മത്സരിച്ചെങ്കിലൂം തോറ്റു. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ താല്പ്പര്യപ്പെട്ടും ഇയാള്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിജയ് ശങ്കര്‍ ദുമേ മകന് സത്യത്തെ ഇറക്കാനുള്ള ആലോചനയിലാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ സത്യത്തിനായി സിവാനിലെ രഘുനാഥ്പൂര്‍ മണ്ഡലമാണ് സ്വപ്നം. കഴിഞ്ഞ രണ്ടു തവണ വിജയ് ശങ്കര്‍ ദുബേ പ്രതിനിധീകരിച്ച മണ്ഡലമാണ് ഇത്. 2015 ലോക്സഭ ഉള്‍പ്പെടെ ആറു തവണ ബച്ചവാരാ സീറ്റില്‍ നിന്നും വിജയിച്ചു കയറിയ അന്തരിച്ച രാംദേവോ റായിയുടെ മകന് ശിവപ്രകാശ് ഗരിബ് ദാസ് ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങുകയാണ്.
അതുപോലെ തന്നെ കോണ്‍ഗ്രസ് നേതാവ് സദാനന്ദ സിംഗിന്റെ മകന് ശുഭാനന്ദ് കഹാല്ഗാവ് സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. സദാനന്ദ് സിംഗ് ഒമ്പതു തവണ ഇവിടെ നിന്നും ജയിച്ച മണ്ഡലത്തില്‍ ഇത്തവണ മകന് ബാറ്റണ്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നത്്. ബീഹാര്‍ കോണ്‍ഗ്രസ് മുന്‍ തലവന്‍ അശോക് കുമാര്‍ മകന് അതിരേക് കുമാറിന് വേണ്ടി റോസേരാ മണ്ഡലം പ്രതീക്ഷിക്കുന്നുണ്ട്. ആറ് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് അശോക് കുമാര്‍. അതിരേകിന് ഈ സീറ്റ് കിട്ടിയാല്‍ അത് മൂന്നാം തലമുറയാകും. അശോക് കുമാറിന്റെ പിതാവ് ബാലേശ്വര്‍ റാം റോസേരയിലെ മുന്‍ എംപി യായിരുന്നു.






