ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ ദേശവ്യാപന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു. നിലവില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന, കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നത്. ഇത് രാജ്യവ്യാപകമാക്കാനാണ് കര്‍ഷക സംഘടനകള്‍ ഉദ്ദേശിക്കുന്നത്.
പഞ്ചാബില്‍ കര്‍ഷകര്‍ നടത്തിവരുന്ന ട്രെയിന്‍ തടയല്‍ സമരം ആറാം ദിവസത്തിലേക്ക് കടന്നു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചാബില്‍ സമരം നടന്നുവരുന്നത്. റെയില്‍വേ ട്രാക്കുകളില്‍ ഷെഡ്ഡുകള്‍ കെട്ടിയാണ് കര്‍ഷകള്‍ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്തു.
അതേസമയം കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നു. സമരം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. താങ്ങുവിലയുടെ പേര് പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. താങ്ങുവില മാത്രമല്ല, രാജ്യത്ത് എവിടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി കാര്‍ഷിക ബില്ലുകളിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.






