
കൊവിഡ് വ്യാപനത്തെ തുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാന ഓഫിസും ഒരാഴ്ചത്തേക്ക് അടച്ചു. ‘ഡിവോഴ്സ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കൊവിഡ് ബാധ സ്റ്റുഡിയോയിലെ ലൊക്കേഷനിൽ വ്യാപിച്ചത്. ഈ സിനിമയിൽ അഭിനയിച്ച നടൻ പി.ശ്രീകുമാറും രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നയാളിനും സ്റ്റിൽ ഫൊട്ടോഗ്രഫർക്കും കൊവിഡ് ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. നിലവിൽ ഷൂട്ടിങ് സംഘത്തിലുള്ളവർ ക്വാറന്റീനിലാണ്.
ചലച്ചിത്ര വികസന കോർപറേഷന്റെ കലാഭവൻ ഓഫിസിൽ സിനിമയുമായി ബന്ധപ്പെട്ടവർ എത്താറുള്ളതിനാൽ അവിടവും അണുവിമുക്തമാക്കി അടച്ചു. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ വ്യക്തമാക്കി. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്സ്.






