
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് പെപ് ഗാര്‍ഡിയോളയുടെ നിലനില്‍പ്പ് അപകടത്തില്‍.
സീസണില്‍ കൂടുതല്‍ മത്സരങ്ങള്‍ തോറ്റാല്‍ ഗാര്‍ഡിയോളയെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണു ക്ലബ് അധികൃതരുടെ നിലപാട്. ഗാര്‍ഡിയോളയുടെ സിറ്റി കോച്ചായുള്ള അഞ്ചാം സീസണാണിത്. 2008 ല്‍ തുടങ്ങിയ കോച്ചിങ് കരിയറില്‍ ഒരിക്കല്‍പ്പോലും ഒരു ക്ലബിലും മൂന്ന് സീസണില്‍ കൂടുതല്‍ ചെലവിടാത്തയാളാണു ഗാര്‍ഡിയോള. സ്പെയിന്‍കാരനായ ഗാര്‍ഡിയോള ബാഴ്സലോണയെ ലോകോത്തര ക്ലബാക്കിയാണു മുന്‍നിര കോച്ചുമാരുടെ നിരയിലെത്തിയത്.
ബാഴ്സയെ മൂന്നുവട്ടം ലാ ലിഗയിലും രണ്ടുവട്ടം ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളാക്കിയ ശേഷമാണു 49 വയസുകാരനായ ഗാര്‍ഡിയോള കളംമാറിയത്്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ കരുത്തുറ്റ ടീമാക്കിയതും ഗാര്‍ഡിയോളയുടെ മികവാണ്. 2017 മുതല്‍ സിറ്റിയുടെ ഭാഗമായ ഗാര്‍ഡിയോളയ്ക്ക് പക്ഷേ ആദ്യ വര്‍ഷം പെരുമ നിലനിര്‍ത്താനായില്ല. സിറ്റിക്ക് രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും മൂന്ന് കാറാബോ കപ്പുകളും എഫ്.എ. കപ്പും നേടിക്കൊടുക്കാന്‍ പിന്നീട് സൂപ്പര്‍ കോച്ചിനായി. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്കു കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തതു ഗാര്‍ഡിയോളയുടെ പോരായ്മയായി. ഞായറാഴ്ച നടന്ന ലീഗ് മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോട് 5-2 നു തോറ്റതോടെയാണു ഗാര്‍ഡിയോളയുടെ ഭാവിക്കു മേല്‍ സംശയത്തിന്റെ പുരികമുയര്ന്നത്.






