
ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ ഗൂഢാലോചനയുണ്ടോ എന്നത് സംബന്ധിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്നൗ കോടതിയുടെ വിധിയെ പരിഹസിച്ച് പ്രമുഖ നിയമവിദഗ്ധന് പ്രശാന്ത് ഭൂഷന്. പുതിയ ഇന്ത്യയിലെ നീതി ഇതാണെന്ന് പ്രശാന്ത് ഭൂഷന് രണ്ട് വരി ട്വീറ്റില്‍ വിമര്‍ശിക്കുന്നു.
'അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ' എന്നും പ്രശാന്ത് ഭൂഷന് എഴുതുന്നു.
ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6-ലെ ബാബ്റി മസ്ജിദ് തകര്‍ക്കല്‍. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കില്‍, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് ഉള്‍പ്പടെ കേസിലെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.
2001-ല്‍ ഗൂഡാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017-ല്‍ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്.
354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചു. ബാബറി മസ്ജിദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നിരിക്കുന്നത്.






