
ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം ദിവസവും ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടും സംഭവങ്ങള്‍ വലിയ ഒച്ചപ്പാട് ഉയര്‍ത്താതെ കടന്നു പോകുമ്പോള്‍ ഇന്ത്യയില്‍ ദളിത് വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഇടമില്ലെന്ന കണക്കുകളുമായി ദേശീയ കുറ്റകൃത്യ റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി). ഗോത്രവര്‍ഗ്ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് പെരുകുകയാണെന്നും പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ രൂക്ഷ പീഡനം നേരിടുന്നതായും ദളിത് പീഡനങ്ങളുടെ രാജ്യ തലസ്ഥാനമായി യു.പി. മാറുന്നതായുമാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ ശതമാനം 7.3 ശതമാനം കൂടിയതായും നാലു ലക്ഷം കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും പറയുന്നു. 2018 ല്‍ 3,78,236 കേസുകളാണ് ഈ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തത്. പട്ടികജാതിക്കാര്‍ക്ക് എതിരേയുള്ള അക്രമങ്ങള്‍ ഏഴു ശതമാനം കൂടിയപ്പോള്‍ പട്ടിക വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് എതിരേയുള്ള അക്രമണം 26 ശതമാനമാണ് കൂടിയത്. പട്ടികജാതിക്കാരികള് ആക്രമിക്കപ്പെട്ട 46,000 കേസുകളാണ് രാജ്യത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
പട്ടികജാതിക്കാരികളെ ആക്രമിക്കുന്ന കാര്യത്തില്‍ മുന്നില്‍ യു.പി.യാണ്. 11,829 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നില്‍ നില്ക്കുന്ന രാജസ്ഥാനില്‍ 6,794 കേസുകളും ബീഹാറില്‍ 6,544 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പട്ടികജാതി പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയ കാര്യത്തില്‍ 554 കേസുകളുള്ള രാജസ്ഥാനാണ് ഒന്നാമത്. ഇക്കാര്യത്തിലും യു.പി. ഒട്ടും മോശമല്ല. 537 കേസുകളുമായി രണ്ടാമതുണ്ട്. മദ്ധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 510 ബലാത്സംഗ കേസുകളാണ്.
പട്ടികവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ നേരെയുള്ള ആക്രമണം 26 ശതമാനമാണ് കൂടിയത്. 2018 ല്‍ 6528 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 8,257 കേസുകള്‍. പട്ടികവര്ഗ്ഗകാരെ ഉപദ്രവിക്കുന്ന കാര്യത്തില്‍ 1,922 കേസുകളുമാിയ മദ്ധ്യപ്രദേശാണ് മുന്നില്‍. രാജസ്ഥാന് 1,797 കേസുകളുമായി രണ്ടാമതും 576 കേസുകളുമായി ഒഡീഷ മൂന്നാമതുമാണ്. ബലാത്സംഗ കേസുകളിലും മദ്ധ്യപ്രദേശാണ് മുന്നില്‍. 358 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം മദ്ധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയായത്. രണ്ടാമതുള്ള ഛത്തീസ്ഗഡില്‍ 180, മഹാരാഷ്ട്രയില്‍ 114 എന്നിങ്ങനെയാണ് കണക്കുകള്‍.
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരേയുള്ള ആക്രമണങ്ങളുടെ 1,675 കേസുകളും റിപ്പോറട്ട് ചെയ്തിട്ടുണ്ട് 2019 നെ അപേക്ഷിച്ച് പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് എതിരേയുള്ള കയ്യേറ്റങ്ങള്‍ 20.3 ശതമാനമാണ് കൂടിയത്്. അതേസമയം കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ വിഭാഗത്തിന്റെ വിലയിരുത്തല്‍ ഞെട്ടിക്കുന്നതാണ്്. ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ വെറും ഒമ്പത് ശതമാനം മാത്രമാണെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി മരണമടഞ്ഞ സംഭവവും പോലീസ് ഇടപെടലും വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മുമ്പ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയാ കൂട്ടബലാത്സംഗത്തിന് സമാനമായിരുന്നു. അമ്മയുമായി പാടത്ത് പുല്ലു വെട്ടിക്കൊണ്ടിരുന്ന 19 കാരിയെ സ്ഥലത്തെ സവര്‍ണ്ണ യുവാക്കള്‍ പതിയിരുന്ന് പിടികൂടി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാക്കു കടിച്ചു മുറിച്ചും ഇടുപ്പെല്ല്് തകര്‍ത്തും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചും ഗുരതരമായി പരിക്കേറ്റ നിലയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കിടന്ന് പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. മൃതദേഹം വീട്ടിലെത്തിക്കാന്‍ പോലും പോലീസ് അനുവദിച്ചുമില്ല.
പുലര്‍ച്ചെ ഒരു മണിയോടെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി പോലീസ് മൃതദേഹം തിടുക്കത്തില്‍ സംസ്ക്കരിച്ചെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. വീടിനുള്ളില്‍ കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം പോലീസ് നടത്തിയ സംഭവവും വിവാദമായിട്ടുണ്ട്. ഇതിന് പിന്നാലെ യുപിയിലെ ബല്‍റാം പൂരില്‍ 22 കാരിയെ വിഷം കൊടുത്തു മയസ്സിയ ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. പുതിയ കോഴ്സിന് പ്രവേശനം നേടിയ ശേഷം കോളേജില്‍ നിന്നും മടങ്ങുമ്പോള്‍ ആറംഗ സംഘത്തിന്റെ പീഡനത്തിന് ഇരയാകയുകയായിരുന്നു.






