
ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം. 2018 സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു കലാലോകത്തോടും ജീവിതത്തോടും വിട പറഞ്ഞത്. ബാലുവിന്റെ ശൂന്യതയിൽ അദ്ദേഹത്തെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും.
ബാലഭാസ്കറിന്റെ ഫോട്ടോ വാൾപേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്. 'അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ.. ഒരിക്കലും മറക്കില്ല' എന്ന വാക്കുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവച്ചത്.
ഏറെ വൈകാരികമായൊരു കുറിപ്പാണ് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി പങ്കുവച്ചിരിക്കുന്നത്. 'നീ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടു വർഷമായി. പക്ഷെ നിന്റെ നിരുപാധികമായ സ്നേഹവും, സ്റ്റേജിലും അതിന് പുറത്തും നമ്മൾ പങ്കിട്ട മനോഹരമായ നിമിഷങ്ങളും എന്നും വിലമതിക്കാനാകാത്ത ഓർമകളാണ്. ഈ നഷ്ടം വിവരിക്കാൻ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവർക്ക് സമാധാനം നൽകുകയും സന്തോഷവും ആശ്വാസവും നൽകുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ഇന്നും ഓരോ ദിവസവും ഞാൻ നിന്നെ മിസ് ചെയ്യുന്നു. ഐ ലവ് യു ബാലു' എന്നാണ് സ്റ്റീഫൻ കുറിച്ചത്.
2018 സെപ്റ്റംബർ 25 നു പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജങ്ഷനു സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. സിആർപിഎഫ് ജങ്ഷനു സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവർ അർജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാല ഓക്ടോബർ രണ്ടിനു ലോകത്തോട് വിടപറഞ്ഞു.






