
ലക്നൗ: എല്ലാ അമ്മമമാരുടെയും സഹോദരിമാരുടെയും സുരക്ഷിതത്വത്തിനു യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹത്രാസില്‍ 20 കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ്.
'യുപിയിലെ അമ്മമാരെയും പെണ്‍കുട്ടികളെയും ദ്രോഹിക്കുമെന്ന് ചിന്തിക്കുന്നവരുടെ വരെ നാശം ഉറപ്പാണ്. അവര്‍ക്കെതിരെ ഭാവിയില്‍ ഒരു മാതൃഷയാകുന്ന വിധമുള്ള ശിക്ഷ തന്നെ നല്‍കും. എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കും വികസനത്തിനും യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധതയും വാഗ്ദാനവും..' യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
ഹിന്ദിയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. ഹത്രാസില്‍ ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും എല്ലാ സഹായവും കുടുംബത്തിന് വാഗ്ദാനവും ചെയ്തിരുന്നു. 25 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയുമാണ് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹത്രാസിലെ ദാരുണ സംഭവത്തിനു പിന്നാലെ യുപിയില്‍ തന്നെ മറ്റൊരിടത്ത് 11 കാരി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഇതോടെ യുപി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ആഞ്ഞടിക്കുകയാണ്.






