
ഹൈദരാബാദ് : വീട്ടുകാരെ എതിര്‍ത്ത് പ്രണയിച്ച് വിവാഹം കഴിഞ്ഞ കുറ്റത്തിന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ ഹേമന്ദിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് യുഗേന്ദര്‍ റെഡ്ഡിയും ബന്ധുക്കളും യുവാവിന് വന്‍ തുക വാഗ്ദാനം ചെയ്തിരുന്നതായി പോലീസ്. അവന്തിയെ മറക്കുകയാണെങ്കില്‍ എത്ര പണം വേണമെങ്കിലും തരാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഹേമന്ദ് ഇത് നിരസിച്ചു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഹേമന്ദിനെ കാറില്‍വെച്ച് തന്നെ കൊലപ്പെടുത്തിയെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ യുഗേന്ദറിന്റെ കുറ്റസമ്മതം. പിറ്റേദിവസം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കി താനിരിക്കുന്ന സ്ഥലവും വിവരങ്ങളും പോലീസിനെ വിളിച്ചറിയിച്ച ഇയാളെ ഉടനടി പോലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അവന്തിയുടെ പിതാവ് വിവാഹത്തിന് ശേഷവും നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി ഹേമന്ദിന്റെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഹേമന്ദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. എന്നാല്‍ തങ്ങളുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിനാലുള്ള രോഷമായിട്ടാണ് താനടക്കം അതിനെ കണ്ടത്. എന്റെ മകനെ കൊല്ലുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ഹേമന്ദിന്റെ മാതാവ് ചിന്താലക്ഷ്മി പറഞ്ഞു.
ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും പ്രദേശവാസികളായിരുന്നു. പരിചയം പ്രണയത്തിലേക്ക് വളര്‍ന്നതോടെ ഈ ബന്ധത്തിനെതിരേ എതിര്‍പ്പുകളുമുയര്‍ന്നു. ഹേമന്ദ് കുമാറിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയുമാണ് പ്രണയത്തെ എതിര്‍ക്കാന്‍ അവന്തിയുടെ പിതാവ് ഡി. ലക്ഷ്മണ റെഡ്ഡി കാരണമായി പറഞ്ഞത്. പക്ഷേ, എതിര്‍പ്പുകള്‍ അവഗണിച്ചും അവന്തി വീട് വിട്ടിറങ്ങി. 2020 ജൂണ്‍ രണ്ടാവാരം ഇരുവരും വിവാഹിതരാവുകയും ഗച്ചിബൗളിയില്‍ താമസം ആരംഭിക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷം അവന്തിയുടെ വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാര്‍ പോലീസിനെ സമീപിച്ചിരുന്നു.
സെപ്റ്റംബര്‍ 24 വ്യാഴാഴ്ച വൈകിട്ടോടെയാണ് അവന്തിയുടെ അമ്മാവന് യുഗേന്ദര്‍ റെഡ്ഡിയും നാല് വാടകക്കൊലയാളികളും ദമ്പതിമാരുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. അവന്തിയുടെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരെയും കൂട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ യുഗേന്ദര്‍ വീട്ടില്‍ വന്നയുടന്‍ ഹേമന്ദ് തന്റെ മാതാപിതാക്കളെയും രണ്ട് സുഹൃത്തുക്കളെയും വിവരമറിയിച്ചു. ഇതിനിടെ ദമ്പതിമാരെ നാലംഗ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി. സംഭവത്തില്‍ ദുരൂഹത തോന്നിയ അവന്തി കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഗോപാനപള്ളി ജംങ്ഷനില്‍ കാര്‍ പതുക്കെ പോകുന്നതിനിടെ ഡോര്‍ തുറന്ന് ചാടി രക്ഷപ്പെട്ടു.






