
കണ്ണൂര്‍ : പാരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കിയ പിപിഇ കിറ്റില്‍ ചോരക്കറ. നേരത്തെ ഉപയോഗിച്ച പിപിഇ കിറ്റുകളാകാം ഇവര്‍ക്ക് നല്‍കിയത് എന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ നഴ്സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് കിറ്റില്‍ ചോരക്കറ കണ്ടെത്തിയത്. ഇത്തരത്തില്‍ പത്തോളം കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി
നേരത്തെ ഉപയോഗിച്ചശേഷം കഴുകി വീണ്ടും പായ്ക്കുചെയ്ത് എത്തിച്ചതാവാം ഇതെന്നാണ് സൂചന. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴിയാണ്. എന്നാല്‍, കോര്പ്പറേഷന് ഇതില്‍ ഉത്തരവാദിത്വമില്ലെന്നാണ് പറയപ്പെടുന്നത്. പായ്ക്കുചെയ്ത പിപിഇ കിറ്റുകള്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത രീതിയില്‍ വാങ്ങുകയും അവ വിതരണം ചെയ്യുകയും മാത്രമാണ് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ചെയ്യുന്നത്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം ഗൗരവമായാണ് എടുക്കുന്നത്. ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






