
ദുബായ്: പഞ്ചാബ് കിങ്സ് ഇലവനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് പത്തു വിക്കറ്റ് ജയം. 13-ാം സീസണിലെ ആദ്യ പത്ത് വിക്കറ്റ് ജയം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്ണെടുത്തു. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിസ് (53 പന്തില്‍ ഒരു സിക്സറും 11 ഫോറുമടക്കം 87), ഷെയ്ന് വാട്സണ് (53 പന്തില്‍ മൂന്ന് സിക്സറും 11 ഫോറുമടക്കം 83) എന്നിവരാണു സൂപ്പര്‍ കിങ്സിന്റെ വിജയ ശില്‍പ്പികള്‍. ഫാഫ് ഡുപ്ലെസിസ് വിജയ റണ്ണെടുക്കുമ്പോള്‍ 14 പന്തുകള്‍ ശേഷിക്കുന്നുണ്ടായിരുന്നു. ഐ.പി.എല്ലില്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിന്തുടര്‍ന്ന നേടുന്ന രണ്ടാമത്തെ ജയമെന്ന നേട്ടവും എം.എസ്. ധോണിയും സംഘവും നേടി. 34 പന്തില്‍ ആദ്യ 50 കടന്ന സൂപ്പര്‍ കിങ്സ് 100 ലെത്തിയത് 59 പന്തിലാണ്. വാട്സണ് 31 പന്തിലും ഡു പ്ലെസിസ് 33 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. കിങ്സ് ഇലവന് ബൗളര്‍മാരില്‍ ഹര്‍പ്രീത് ബ്രാര്‍ നാല് ഓവറില്‍ 41 റണ്ണും രവി ബിഷ്ണോയി നാല് ഓവറില്‍ 33 റണ്ണും വഴങ്ങി. കിങ്സ് ഇലവനെ നായകനും ഓപ്പണറുമായ ലോകേഷ് രാഹുല്‍ മുന്നില്‍നിന്നു (52 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 63) നയിച്ചു. വെസ്റ്റിന്‍ഡീസ് താരം നികോളാസ് പൂരന് 17 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 33 റണ്ണെടുത്തു ചെന്നൈയെ ഞെട്ടിച്ചു. രാഹുലും മായങ്ക് അഗര്‍വാളും (19 പന്തില്‍ മൂന്ന് ഫോറുകളടക്കം 26) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 61 റണ്ണെടുത്തു. തുടര്‍ന്നു ക്രീസിലെത്തിയ മന്ദീപ് സിങും മികച്ച പ്രകടനം പുറത്തെടുത്തു. 16 പന്തുകള്‍ നേരിട്ട മന്ദീപ് 27 റണ്ണുമായാണു മടങ്ങിയത്. അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവന്നു. രാഹുലിനെയും പൂരനെയും പുറത്താക്കിയ ശാര്‍ദൂല്‍ ഠാക്കൂര്‍ സമ്മര്‍ദം സൃഷ്ടിച്ചു. 8.1 ഓവറില്‍ 61 റണ്ണാണ് പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. അഗര്‍വാളിനെ പിയുഷ് ചൗള പുറത്താക്കി. മന്ദീപിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ശാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ 15-ാം ഓവറിലെ രണ്ടാം പന്ത് സിക്സടറിച്ചാണു രാഹുല്‍ 50 കടന്നത്്. അടുത്ത രണ്ട് പന്തുകള്‍ ഫോറുമടിച്ചു. പൂരനെ മികച്ച ക്യാച്ചിലൂടെ ജഡേജ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഠാക്കൂര്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഠാക്കൂര്‍ അടുത്ത പന്തില്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ കൈയിലെത്തിച്ചു. സര്‍ഫ്രാസ് ഖാനെ പുറത്താക്കി ഹാട്രിക്കടിക്കാനുള്ള അവസരം ഠാക്കൂറിന് കൈയെത്തും ദൂരെ നഷ്ടമായി. ഖാന്റെ ബാറ്റില്‍ ഉരസിയ പന്ത് സ്ലിപ്പ് ഫീല്‍ഡറുടെ മുന്നില്‍ വന്നു വീണു. അവസാന ഓവറുകളില്‍ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കുവാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. അതോടെ കിങ്സ് ഇലവന് 200 കടക്കാനാകില്ലെന്ന് ഉറപ്പായി. ഗ്ലെന്‍ മാക്സ്വെല് (ഏഴ് പന്തില്‍ 11), സര്‍ഫ്രാസ് (ഒന്‍പത് പന്തില്‍ 14) എന്നിവര്‍ ചേര്‍ന്ന് സ്കോര്‍ 178 ലെത്തിച്ചു. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 18 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത നൈറ്റ്റൈഡേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.






