ലഖ്നൗ: ഹത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും പ്രവര്‍ത്തകര്‍ക്കുമെതിരെ യു.പി പോലീസ് കേസെടുത്തു. പ്രദേശത്ത് പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. ചന്ദ്രശേഖര്‍ ആസാദിനൊപ്പമുണ്ടായിരുന്ന തിരിച്ചറിയാത്ത നാനൂറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് ഞായറാഴ്ചയാണ് ചന്ദ്രശേഖര്‍ ആസാദ് സന്ദര്‍ശിച്ചത്. ഗ്രാമത്തിന് 20 കിലോമീറ്റര്‍ മുമ്പ് അദ്ദേഹത്തെ യു.പി പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് കാല്‍നടയായാണ് ആസാദും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷിതമല്ലെന്നും അവര്‍ക്ക് വൈ പ്ലസ് സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സുരക്ഷ നല്കാന് തയ്യാറാകുന്നില്ലെങ്കില്‍ തന്‍െ്റ കുടുംബത്തിലേക്ക് അവരെ കൊണ്ടുപോകുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എത്തുന്നുണ്ട്. ഇന്നലെ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം വിജു കൃഷ്ണന്െ്റ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വാല്മീകി സമുദായാംഗമായ പെണ്‍കുട്ടി കഴിഞ്ഞ മാസം പതിനാലിനാണ് ക്രൂര ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു.






