
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി പല പ്രവചനങ്ങളും സോഷ്യല്‍ മീഡിയകളിലെ പല ഗ്രൂപ്പുകളിലും നടക്കുന്നുണ്ട്.ഇത്തരത്തില്‍ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സ് മത്സരത്തിന് ശേഷമാണ് നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്.
നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്,
സഞ്ജു സാംസണിന്റെ വിക്കറ്റും റിവേഴ്സ് മാന്ഡ്രേക്കിങ്ങും ശകലം സയന്‍സും ??
മുന്‍പ് ഇട്ടിരുന്ന രണ്ട് പോസ്റ്റുകള്‍ കണ്ടുകാണുമല്ലോ. ഐ.പി.എല്‍ മാച്ചിലെ പെര്ഫോമന്സുകളെക്കുറിച്ചുള്ള ഒറ്റവരിപ്പോസ്റ്റുകള്. വെറുതെ ആര് ജയിക്കും എന്ന് പറഞ്ഞ് ഇട്ടിരിക്കുന്ന പോസ്റ്റുകളല്ല. മുദ്ര ശ്രദ്ധിക്കണം.
പോസ്റ്റ് 1 : ' രോഹിത് ശര്‍മ്മ ഇന്ന് വന്‍ തോല്‍വി ആവും. മുംബൈ എട്ട് നിലയില്‍ പൊട്ടും '
പോസ്റ്റ് 2 : ' പാറ്റിന്‍സണും ബോള്‍ട്ടും ഇന്ന് തെവാട്ടിയയുടെ അടി വാങ്ങിക്കുന്നത് കണ്ടോ.സഞ്ജു സാംസണും സ്മിത്തും ഡക്ക് '
സ്പോര്‍ട്സ് ഗ്രൂപ്പുകളില്‍ ആക്റ്റീവായിരുന്ന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപത്തിന്റെ ബാക്കിപത്രമാണ്.
അന്നൊക്കെ പേഴ്സണല്‍ മൈല്‍സ്റ്റോണുകള്‍ കളിക്കാര്‍ പൂര്‍ത്തിയാക്കിയാല്‍ പോസ്റ്റിടുക പതിവായിരുന്നു. അര്‍ദ്ധസെഞ്ചുറിയും സെഞ്ചുറിയുമൊക്കെ അടിക്കാറാവുമ്പൊത്തന്നെ പോസ്റ്റ് എഴുതി റെഡിയാക്കി വയ്ക്കും. അവരവിടെ ബാറ്റുയര്ത്തുമ്പൊ നമ്മളിവിടെ പോസ്റ്റിടും.
പക്ഷേ അവരുടെ ശ്രദ്ധ പോവുന്നതാണോ എന്തോ, പോസ്റ്റിട്ട് വലിയ താമസമില്ലാതെ അവര്‍ ഔട്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടുതുടങ്ങി. മാത്രമല്ല, ചിലര്‍ പോസ്റ്റിടുന്ന സമയത്താണ് അത് കൂടുതലായിട്ട് സംഭവിക്കുന്നതെന്നും.
ജൂണിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയിലെ പ്രതിമയുടെ പോലെ സന്തോഷത്തോടെ സ്വീകരിക്കുന്നവര്‍ക്ക് പാരയാവുന്ന പോസ്റ്റുകള്‍. അതിടുന്നവര്‍ പതിയെ മാന്‍ഡ്രേക്ക് എന്ന് അറിയപ്പെടാന്‍ തുടങ്ങി. അപ്പൊ മാന്‍ഡ്രേക്കുകള്‍ പോസ്റ്റിടല്‍ നിര്‍ത്തിയോ?
നെവര്‍...
അവര്‍ പ്ലേറ്റ് മാറ്റി.
ഔട്ടാക്കേണ്ട കക്ഷികള്‍ ആരാണോ, അവരെ പുകഴ്ത്തി പോസ്റ്റിടും.. ഉദാഹരണത്തിന് ' ഇന്ന് ധോണിയുടെ ദിവസം '. മുംബൈ ഇന്ത്യന്‍സിന് ആശംസകള്‍....അങ്ങനെയങ്ങനെ..ക്രിക്കറ്റ് ലോകകപ്പ് തൊട്ട് ദാ ഇപ്പൊ ഐ.പി.എല്‍ വരെ.
അപ്പൊ തിരിച്ചും ആലോചിക്കാമല്ലോ. ആലോചിച്ചു.. നന്നായിട്ട് പെര്‍ഫോം ചെയ്യേണ്ട ആള്‍ക്കാരെക്കുറിച്ച് മോശം പോസ്റ്റിടുക. റിവേഴ്സ് മാന്ഡ്രേക്കിങ്ങ്.. ഉദാഹരണം തേടി വേറെങ്ങും പോവേണ്ട.
2017ല്‍ ഒരു ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരിസില്‍ അഞ്ചാം ടെസ്റ്റിന്റെ അവസാന ദിവസം ഇംഗ്ലണ്ട് സമനില ലക്ഷ്യമാക്കി നീങ്ങുന്നു.ലഞ്ചിനു പോകുമ്പൊ ഇംഗ്ലണ്ട് 97/0. ഞാന്‍ കാണുമ്പൊ സ്കോര്‍ 38 ഓവറില്‍ 101/0.ആദ്യ ഇന്നിങ്ങ്സില്‍ 407 എടുത്ത ഇംഗ്ലണ്ടിനെ ഓള് ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് പകുതി ദിവസത്തില്‍ താഴെയാണുള്ളത്. കളി സമനിലയില്‍ കലാശിക്കും.സിമ്പിള്‍ കോമണ്‍ സെന്‍സ്.. സ്വഭാവികമായും നമ്മള് അത് പറഞ്ഞ് പോസ്റ്റും ചെയ്യും...ചെയ്തു. ഉടനടി റിയാക്ഷനുണ്ടായി...39.4 ഓവറില്‍ കുക്ക് ഔട്ട് . വെറും പത്ത് ബോള്‍..നാലോവറിനുള്ളില്‍ ഓപ്പണര്‍മാര്‍ രണ്ടും ഔട്ട്.
കളി കാണല്‍ നിര്‍ത്തി ഒ.പിയിലോട്ട് പോയി. പിന്നെ സ്കോര്‍ നോക്കുമ്പൊ ചായ സമയത്ത് ഇംഗ്ലണ്ട് 167/4 ആണ്. സമനില ഏതാണ്ട് ഉറപ്പിച്ചു. ഒരു സെഷന് മാത്രം ബാക്കി. പന്തെറിയുന്നത് രവീന്ദ്ര ജഡേജ. ഈ മരപ്പാഴിനെ ഒക്കെ എന്തിനാ എറിയിക്കുന്നതെന്ന് ഒരു കമന്റ് ഇട്ടതേ ഓര്മയുള്ളൂ. കളി തീരുവാന്‍ രണ്ട് മണിക്കൂറുള്ളപ്പൊ ഇംഗ്ലണ്ട് 207ന് ഓള് ഔട്ട് രവീന്ദ്ര ജഡേജയ്ക്ക് 48/7 കരിയര്‍ ബെസ്റ്റ് ബൗളിങ്ങ് ഫിഗര്‍...
പാക്കിസ്ഥാനെ ഒരു സൈഡില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ പഞ്ഞിക്കിടുന്നു. 126 ബോളില്‍ 179. നമ്മുടെ നല്ല മനസിനു ഒന്പതോവര് മിച്ചമുള്ളപ്പൊ വാര്‍ണര്‍ ഡബിള്‍ സെഞ്ചുറി അടിക്കുമല്ലോ എന്ന് പോസ്റ്റ് ഇട്ടു. പിന്നെ വാര്‍ണര്‍ നിന്നത് രണ്ടേ രണ്ട് ബോളാണ്......128 ബോളില്‍ 179 റണ്‍സ് നേടി ഔട്ടായി..
കേരള ബ്ലാസ്റ്റേഴ്സ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.....അങ്ങനെ എത്രയോ സംഭവങ്ങള്‍...
സത്യത്തില്‍ മാന്‍ഡ്രേക്ക് എന്നൊരു സംഭവം ഉണ്ടോ?
ഇല്ല..
അത് ചില നിരീക്ഷണങ്ങള്‍ക്ക് പിന്നിലെ തെറ്റായ ലോജിക്കും അതുവഴി ഉണ്ടായിവന്ന ഒരു അന്ധവിശ്വാസവുമാണ്. നമുക്ക് സ്പോര്‍ട്സ് ഗ്രൂപ്പുകളില്‍ നിന്ന് തുടങ്ങാം. തുടക്കം പോസ്റ്റിട്ട് ഉടന്‍ തന്നെ അവര്‍ ഔട്ടാവുന്നത് ശ്രദ്ധിക്കുന്നതില്‍ നിന്നാണല്ലോ.
സ്വഭാവികമായും സ്പോര്‍ട്സ് ഗ്രൂപ്പുകളില്‍ ആക്റ്റീവായവരാവും ആദ്യ പോസ്റ്റുകള്‍ ഇടുക. അര്‍ദ്ധസെഞ്ചുറിയും സെഞ്ചുറിയും പൂര്ത്തിയാക്കുമ്പൊ ബാറ്റ്സ്മാന്റെ ശ്രദ്ധ പതറുന്നതോ അല്ലെങ്കില്‍ സ്കോറിങ്ങ് റേറ്റ് കൂട്ടാന്‍ ശ്രമിക്കുന്നതോ ആവും ഔട്ടാവുന്നതിനു കാരണം.
പരസ്പരം ബന്ധമില്ലാത്ത ഈ രണ്ട് കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു നിരീക്ഷണം നടത്തുന്നതില്‍ നിന്നാണ് തുടക്കം. അങ്ങനെ സംഭവിച്ചയാളുടെ അടുത്ത പോസ്റ്റോ അതിനടുത്ത പോസ്റ്റോ വരുമ്പൊ സ്വഭാവികമായും മുന്‍പ് നിരീക്ഷിച്ചയാള്‍ ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്ന് ശ്രദ്ധിച്ചേക്കാം..
അങ്ങനത്തെ ഔട്ടാവലുകള് ആവര്‍ത്തിക്കുമ്പൊ അയാള്‍ ഒരു ഹൈപ്പോതീസിസ് രൂപീകരിക്കുന്നു. ഇയാള്‍ ( ഞാന്‍ എന്ന് കൂട്ടിക്കോ) പോസ്റ്റിട്ടതുകൊണ്ടാണ് ഇപ്പൊ വിക്കറ്റ് വീണത്. അങ്ങനെ വിക്കറ്റ് വീഴാത്ത സംഭവങ്ങളും ഉണ്ടാവും. മനപ്പൂര്‍വമോ അല്ലാതെയോ അത് കണക്കിലെടുക്കാതെ പോവാം...
കൂടുതല്‍ ആക്റ്റീവായവര് കൂടുതല്‍ പോസ്റ്റിടുകയും സ്വഭാവികമായും മാന്‍ഡ്രേക്കെന്ന് പേര് നേടുകയും ചെയ്തു..
അതെന്താണ് ഇത്ര ഉറപ്പെന്നല്ലേ?
ഒരിക്കല്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടപ്പൊ ' ഒന്ന് randomize ചെയ്ത് രണ്ടു ഗ്രൂപ്പ് ആക്കി ഒരു table ഉണ്ടാക്ക്. അപ്പൊ അറിയാലോ hypothesis സത്യമാണോ അല്ലയോ എന്ന് ' ഒരു കമന്റ് വന്നു.. ഞാനത് കാര്യമായെടുത്തു.
2017 ലാണ്.
പോസ്റ്റുകളുടെ കണക്കുകളെടുത്ത് എത്രയെണ്ണത്തില്‍ പറഞ്ഞപോലെ നടന്നെന്നും എത്രയെണ്ണം വിപരീതമായെന്നും നോക്കി. അന്ന് പാതിവഴി വച്ച് ആ പഠനം നിര്‍ത്തിയെങ്കിലും ഏതാണ്ട് 5050 ആയിരുന്നു അനുപാതം...
എന്ന് വച്ചാല്‍ മാന്ഡ്രേക്കിസമാണെന്നോ അല്ലെന്നോ പറയാനുള്ളതില്ല എന്ന്..അത് അങ്ങനെ സംഭവിക്കുന്നെന്ന് മാത്രം.. ??
Luck by chance ??
11th man : ഇന്നത്തെ പോസ്റ്റിന് കൃത്യമായ ഉദ്ദേശ്യമുണ്ടായിരുന്നു. രോഹിത് ശര്‍മയും സഞ്ജു സാംസണും സ്മിത്തും ഫാന്റസി ടീമിലുണ്ടായിരുന്നു.
പാറ്റിന്‍സണും ബോള്‍ട്ടുമായിരുന്നു ബൗളേഴ്സ്.അവര്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടത് അത്യാവശ്യവും...
അതുകൊണ്ട് സ്മിത്ത്, പാറ്റിന്സണ്, ബോള്‍ട്ട്, സാംസണ് ഇവര്‍ പൊളിയുമെന്ന് പോസ്റ്റിട്ടു.
യെന്ത് ചെയ്യാന്‍...ബൂമ്രയെയും സൂര്യകുമാര്‍ യാദവിനെയും ലോക്ക് ചെയ്യാന്‍ വിട്ടുപോയി..ഇന്നത്തെ 50% അപ്പുറത്താര്ന്നെന്ന് മാത്രം.


