
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് ഇഡിയുടെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എംശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് സ്വപ്ന സ്പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടത്. മുഖ്യമന്ത്രിയോട് പറഞ്ഞ് സ്പേസ് പാര്‍ക്കില്‍ നിയമനം നേടിത്തരാമെന്ന് സ്വപ്നയ്ക്ക് ശിവശങ്കര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കുന്നു.
സ്വപ്നയും ശിവശങ്കറും പലതവണ അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചോ ആറോ കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും നടന്നുവെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ഇ.ഡി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നു.
കെഎസ് ഐടിഐഎല്‍ എംഡിയേയും സ്പെഷല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.സ്പേസ് പാര്‍ക്കിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചതെന്ന് ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം റമീസാണ് സ്വര്‍ണക്കടത്തിനായി സ്വപ്നയേയും സരിത്തിനേയും സമീപിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.






