
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമ വ്യവസായത്തിന് താങ്ങായത് ഓൺലെെൻ പ്ലാറ്റ്ഫോമുകളായിരുന്നു. ഇപ്പോഴിതാ താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറിയും നടനും ആയ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം പുറത്ത്. 'വി നെക്സ്റ്റ്' എന്നാണ് പുതിയ സംരഭത്തിന് പേര്.
പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തത് എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചായിരുന്നു. ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ പ്ലാറ്റ്ഫോം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത് . പേര് പ്രഖ്യാപിച്ചതും ലോഗോ പ്രകാശനം ചെയ്തതും മലയാളത്തിന്റെ പ്രിയ നടന് മധു ആയിരുന്നു. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു അദ്ദേഹം ഇത് നിര്‍വ്വഹിച്ചത്.
റോഡ് ട്രിപ്പ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്. ഒരു സ്റ്റാര്‍ട്ട് അപ്പ് സംരഭമാണിത് എന്ന് ഇടവേള ബാബു വ്യക്തമാക്കി. ഇടവേള ബാബുവാണ് റോഡ് ട്രിപ് ഇന്നൊവേഷന്‍സിന്റെ ചെയര്മാന്. ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ്, സോണി തുടങ്ങി ലോകത്ത് അസംഖ്യം ഒടിടി പ്ലാറ്റ്ഫോമുകള് ഉണ്ട്. എന്നാല്‍ അവയില്‍ മലയാളത്തിന് കിട്ടുന്ന പ്രാതിനിധ്യം വളരെ കുറവാണ്. അത്തരമൊരു സാഹചര്യത്തിലാണ് മലയാളത്തിന് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.






