
കൊവിഡ് 19 മഹാരാഷ്ട്രയില്‍ വ്യാപിച്ചതോടെ അഭിനയം നിര്‍ത്തി തന്റെ പഴയ നഴ്സിങ് കുപ്പായം എടുത്തണിഞ്ഞ നടയാണ് ശിഖ മൽഹോത്ര. ശിഖയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു.
''രാജ്യത്തെ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്''- എന്നായിരുന്നു അന്ന് ശിഖ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഒടുവിൽ തന്നെയും കോവിഡ് ബാധിച്ചുവെന്ന വിവരമാണ് ശിഖ ആരാധകരുമായി പങ്കുവയ്ക്കുന്നത്. കോവിഡ് വന്നതിൽ തനിക്ക് ദുഖമില്ലെന്നും ഉടൻ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു. നടിക്ക് ആശംസകളുമായി ഒട്ടനവധി പേർ രം ഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾ ഒപ്പമുണ്ടെന്നും ആരാധകർ കുറിച്ചു.
സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്സായി സേവനമനുഷ്ഠിച്ചു.






