
ദുബായ്: വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല് ഐ.പി.എല്‍. ക്രിക്കറ്റ് 13-ാം സീസണില്‍ ഉറപ്പായും കളിക്കുമെന്നു പഞ്ചാബ് കിങ്സ് ഇലവന് കോച്ച് അനില്‍ കുംബ്ലെ.
ഹൈദരാബാദ് സൈണ്‍റൈസേഴ്സ് ടീമിനെതിരേ നടന്ന മത്സരത്തില്‍ ക്രിസ് ഗെയ്ലിനെ കളിപ്പിക്കാനിരുന്നതാണെന്നും കുംബ്ലെ പറഞ്ഞു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ''യൂണിവേഴ്സല്‍ ബോസി''നെ കളിപ്പിക്കാനിരുന്നതാണ്. ഭക്ഷ്യവിഷബാധ മൂലം താരത്തിനു കളിക്കാന്‍ പറ്റായ സാഹചര്യമായെന്നും കുംബ്ലെ പറഞ്ഞു. സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിച്ചു തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ കമന്റേറ്റര്‍മാരുടെ ചോദ്യത്തിന് ഉത്തരമായാണു കുംബ്ലെ ഗെയ്ലിന്റെ അസുഖത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.
ഐ.പി.എല്ലിലെ എക്കാലത്തെയും റണ്‍വേട്ടക്കാരില്‍ ഒരാളായ ഗെയ്ലിന് 13-ാം സീസണില്‍ ഇതുവരെ ഒരു മത്സരവും കളിക്കാനായില്ല. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (ആറ്) എന്ന നേട്ടം ഗെയ്ലിനു സ്വന്തമാണ്.
ഒരു ജയം മാത്രം കുറിച്ച കിങ്സ് ഇലവന് തോല്‍വികളില്‍നിന്നു തോല്‍വികളിലേക്കു വീഴുമ്പോഴും ഗെയ്ലിനെ പുറത്തിറക്കാത്ത നടപടി ടീമിന്റെ കടുത്ത ആരാധകര്‍ വരെ ചോദ്യം ചെയ്തു.
ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനു പകരം ഗെയ്ലിനെ കളിപ്പിക്കാനിരുന്നതാണെന്നു കിങ്സ് ഇലവന് ബാറ്റിങ് കോച്ച് വസീം ജാഫര്‍ പറഞ്ഞു. കിങ്സ് ഇലവനു പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനി വമ്പന്‍ ജയങ്ങള്‍ കൂടിയേ തീരു. ആറു കളികളില്‍നിന്ന് 48 റണ്‍ മാത്രമെടുത്ത മാക്സ്വെല് പാടെ നിരാശപ്പെടുത്തി. ബൗളിങ്ങിലും മാക്സ്വെല്ലിനു ടീമിന്റെ പ്രതീക്ഷയ്ക്കൊത്തുയരാനായില്ല.
പോയിന്റ് പട്ടികയില്‍ ടീം ഏറ്റവും പിന്നിലാണെങ്കിലും നായകന് ലോകേഷ് രാഹുല്‍ ആറു കളികളില്‍നിന്നു 313 റണ്ണുമായി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്നിലാണ്. 136.88 സ്ട്രൈക്ക് റേറ്റിലാണു കിങ്സ് ഇലവന് അടിച്ചു കൂട്ടുന്നത്. പവര്‍പ്ലേയില്‍ പഞ്ചാബ് നായകന്റെ സ്ട്രൈക്ക് റേറ്റ് 113.3 ആണെന്ന പോരായ്മയുണ്ട്. കിങ്സ് ഇലവനെതിരേ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് 69 റണ്ണിനാണു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പഞ്ചാബ് ടീം 16.5 ഓവറില്‍ 132 റണ്ണിന് ഓള്‍ഔട്ടായി.
37 പന്തില്‍ ഏഴ്് സിക്സറും അഞ്ച് ഫോറുമടക്കം 77 റണ്ണെടുത്ത വെസ്റ്റിന്‍ഡീസ് താരം നികോളാസ് പൂരന് മാത്രമാണു പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്. 13-ാം സീസണിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ ശതകം പൂരന് സ്വന്തമാക്കി. പൂരന് 17 പന്തിലാണ് അര്‍ദ്ധ ശതകം നേടയത്.
19 പന്തില്‍ അര്‍ദ്ധ ശതകം നേടിയ രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോഡാണ് പൂരന് മറികടന്നത്. 202 റണ്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബിന് ഒന്‍പത് ഓവര്‍ പിന്നിട്ടപ്പോഴേക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.
ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാന് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ്, തങ്കവേലു നടരാജന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ (55 പന്തില്‍ ആറ് സിക്സറും ഏഴ് ഫോറുമടക്കം 97), നായകന് കൂടിയായ ഡേവിഡ് വാര്‍ണര്‍ (40 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 52) എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദ് ടീമിനെ ഇരുനൂറിലെത്തിച്ചത്. സണ്‍റൈസേഴ്സിന്റെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുതിയ റെക്കോഡും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 50 തവണ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമാണു വാര്‍ണര്‍. 132 ഇന്നിങ്സുകളില്‍നിന്നാണ് വാര്‍ണറുടെ നേട്ടം. 174 ഇന്നിങ്സുകളിലായി 42 അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലി പിന്നിലുണ്ട്.






