
ന്യൂഡൽഹി: അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പോലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിലപാട് വ്യക്തമാക്കി പരസ്യ ദാതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. ആരോപണവിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ കമ്പനി അറിയിച്ചു. വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ ലൈവ് മിന്റ് വെബ്സൈറ്റിനോട് പറഞ്ഞു.
ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാല്‍ലെയും ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്.പിയില്‍ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തത്. ടെലിവിഷന്‍ റേറ്റിങില്‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റിപബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു. ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി.






