
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതികളായ മൂന്ന് പോലീസുകാര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയിലേക്ക്. കേസില്‍ രണ്ടാം പ്രതിയായ സിവില്‍ പോലീസ് ഓഫീസര്‍ എസ്. നിയാസ്, മൂന്നാംപ്രതി സജീവ് ആന്റണീ, അഞ്ചാം പ്രതി ജിതിന് കെ. ജോര്‍ജ് എന്നിവരുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉപാധികളോടെ നല്കിയ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. കേസില്‍ ഒന്നാംപ്രതി മുന്‍ എസ്.ഐ. കെ.എ. സാബു ഉള്‍പ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. സി.ബി.ഐ. അറസ്റ്റ് ചെയ്ത പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ അനധികൃത കസ്റ്റഡിയില്‍വച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ക്ക് ഇടുക്കി ജില്ലയിലെ വീടുകളില്‍ എത്തേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.
2019 ഓഗസ്റ്റിലാണ് ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. അന്നുമുതല്‍ ജില്ലയില്‍ പ്രവേശിക്കാനാവാത്തതിനാല്‍ മാതാപിതാക്കളെ നോക്കാനോ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാനോ കഴിയുന്നില്ലെന്നാണ് പ്രതികളുടെ പരാതി. രാജ്കുമാറിനെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ പീഡിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്തി എന്നതിന്റെ പേരില്‍ ഈ കേസില്‍ മേലുദ്യോഗസ്ഥരുടെ നുണ പരിശോധന നടത്താനും സി.ബി.ഐ. തയ്യാറായി.
2019 ജൂണ്‍ 12 നാണ് രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നുദിവസം കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മര്‍ദനമേറ്റ രാജ്കുമാര് 21 ന് ആശുപത്രിയില്‍ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചാണ് മരിച്ചതെന്ന പോലീസ് ഭാഷ്യം തള്ളിക്കൊണ്ട് കേസന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ ശിപാര്‍ശപ്രകാരം നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തിലാണ് കസ്റ്റഡി മരണം ബോധ്യപ്പെട്ടത്. ശരീരത്തില്‍ 22 മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
എന്നാല്‍, കേസന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായില്ല. രാജ്കുമാറിന്റെ ഭാര്യ വിജയക്ക് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ദൃക്സാക്ഷികളായ സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ മുളകു തേച്ച നടപടിക്കെതിരേ മനുഷ്യാവകാശകമ്മിഷനും മറ്റും അഭിഭാഷകനായ യാഷ് തോമസ് മാന്നുള്ളി നല്കിയ പരാതിയിലും നടപടിയുണ്ടായില്ല.
പ്രധാന സാക്ഷികളായ ശാലിനി, മഞ്ചു എന്നിവരുടെ പരാതികളാണ് നടപടിയില്ലാതെ അവസാനിച്ചത്. കഴിഞ്ഞ ഏഴാം തീയതി നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ സി.ബി.ഐ. അഭിഭാഷകന് കോടതിയില്‍ ഹാജരായില്ല. ഇത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതായി ബന്ധുക്കളും ആരോപിക്കുന്നു. ഇതിനിടെയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പ്രതികളായ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.






