മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാരും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മില്‍ ഏറ്റുമുട്ടല്‍. ഗവര്‍ണര്‍ ബി.എസ് കോഷിയാരി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പദവയില്‍ ഇരിക്കുന്നയാള്‍ എങ്ങനെ പെരുമാറരുതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോഷിയാരി. ഗവര്‍ണര്‍ സംഘപ്രചാരകനും ബി.ജെ.പി നേതാവും ആയിരുന്നിരിക്കാം എന്നാല്‍ ഇപ്പോള്‍ കോഷിയാരി മഹാരാഷ്ട്രാ ഗവര്‍ണറാണ്. അദ്ദേഹം ഇക്കാര്യം സൗകര്യപൂര്‍വം മറക്കുകയാണെന്നും ശിവസേന പാര്‍ട്ടി മുഖപത്രമായ സാംമ്നയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരവാദിയായി മാറിയോ എന്ന് ചോദിച്ച് ഗവര്‍ണര്‍ അദ്ദേഹത്തിന് കത്തയച്ചിരുന്നു. കോവിഡ് വ്യാപനത്തിന്െ്റ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ കത്ത്. മഹരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം സമരത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി സമരത്തിന് പരോക്ഷ പിന്തുണ പ്രഖ്യാപിക്കുന്നത് പോലുള്ള ഗവര്‍ണറുടെ കത്ത്.
രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ബി.ജെ.പിയുടെ പ്രക്ഷോഭം നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തതിന്റെ ഉദ്ദേശശുദ്ധിയെ ശിവസേന ചോദ്യം ചെയ്തു. ക്ഷേത്രങ്ങള്‍ തുറക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെങ്കില്‍ ആദ്യം ദേശീയ തലത്തില്‍ ഒരു നയം പ്രഖ്യാപിക്കേണ്ടതുണ്ട്. രാജ്യത്തെ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണെന്നും സാംമ്ന. ബി.ജെ.പി അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.






