ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ സിനിമാ ശാലകള്‍ തുറന്നപ്പോള്‍ എത്തിയത് ഒരാള്‍. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്റര്‍ തുറന്നപ്പോള്‍ ഛണ്ഡീഗഡിലെ സിറ്റി സെന്‍്റര്‍ മാളിലെ പി.വി.ആര് സിനിമയില്‍ എത്തിയത് ഒരാള്‍ മാത്രം. കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലൂടെ രോഗമുക്തി നേടിയ സന്ദീപ് ഷൂരി എന്ന സര്‍ക്കാര്‍ ജീവനക്കാരനാണ് സിനിമ കാണാന്‍ എത്തിയത്.
210 പേര്‍ക്ക് ഇരിക്കാവുന്ന തീയറ്ററില്‍ ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു. ക്യാരി ഓണ്‍ ജത്ത 2 എന്ന പഞ്ചാബി സിനിമ അദ്ദേഹത്തിനായി പ്രദര്‍ശിപ്പിച്ചു. രാത്രി പന്ത്രണ്ടരയുടെ പ്രദര്‍ശനമാണ് അദ്ദേഹം കണ്ടത്. കടുത്ത സിനിമാ ആരാധകനായ ഷൂരി തീയറ്റര്‍ തുറന്ന ആദ്യ ദിനം തന്നെ സിനിമ കാണാന്‍ എത്തുകയായിരുന്നു. അദ്ദേഹത്തിന്‍െ്റ കുടുംബാംഗങ്ങളും സിനിമാ ആരാധകരാണ്. കോവിഡ് പശ്ചാത്തലത്തിലുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം വീട്ടുകാരെയും കൊണ്ടുവരാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം ഒറ്റയ്ക്ക് വന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ തുറന്ന തീയറ്ററുകളില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ഉടമകള്‍ നടത്തിയിട്ടുള്ളത്. പി.വി.ആര് ഗ്രൂപ്പിന്‍െ്റ തീയറ്ററുകളില്‍ മാസ്കും സാനിറ്റൈസറും അടങ്ങുന്ന കിറ്റ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. കൈകള്‍ ശുചിയാക്കാനുള്ള സംവിധാനവും തെര്‍മ്മല്‍ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മാസങ്ങള്‍ക്ക് ശേഷം തീയറ്റര്‍ തുറന്നിട്ടും ഛണ്ഡീഗഡിലെ തീയറ്ററുകളില്‍ പ്രേക്ഷകര്‍ എത്തിയില്ല. കോവിഡിന് മുമ്പ് റിലീസ് ചെയ്ത സിനിമകള്‍ തന്നെയാണ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. പുതിയ സിനിമകള്‍ റിലീസ് ആകുന്നതോടെ കൂടുതല്‍ ആളുകള്‍ വന്നു തുടങ്ങുമെന്നാണ് തീയറ്റര്‍ ജീവനക്കാരുടെ പ്രതീക്ഷ.






