
കൊച്ചി : സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ്. വിവിധ ഏജന്‍സികള്‍ക്കു നല്കിയ മൊഴികളില്‍ പൊരുത്തമില്ലായ്മയും അവ്യക്തതയും. ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്താല്‍ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം അനുവദിക്കും. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനുള്ള നടപടിയുണ്ടാകും. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയാല് ശക്തമായി എതിര്‍ക്കുന്നതിനു മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
ശിവശങ്കറിന്റെ മൊഴികള്‍ പലതും കളവാണെന്നു കസ്റ്റംസ് പറയുന്നു. യു.എ.ഇ. കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അതു നിഷേധിച്ചു. സ്വപ്ന വിളിച്ചിട്ടില്ലെന്ന വാദം തിരുത്തേണ്ടിവന്നു. രൂപ ഡോളറാക്കാന്‍ പ്രതികളെ സഹായിച്ചിട്ടില്ലെന്നു പറഞ്ഞതും ശരിയല്ലെന്നു വ്യക്തമായി. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ മൊഴി വിശദമായി പരിശോധിക്കുകയും തെളിവെടുക്കുകയും വേണം. ആ ഘട്ടത്തില്‍ മറ്റ് അന്വേഷണ ഏജന്‍സികളുമായി ഏകോപനം ഉറപ്പാക്കും.
സ്വര്‍ണക്കടത്ത് കേസിലെ നാലു പ്രധാന പ്രതികളുമായി ശിവശങ്കറിനു നല്ല അടുപ്പമുണ്ട്. നേരത്തേയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പ്രതികളായ ഇവരുമായുള്ള ബന്ധം ദുരൂഹമാണ്. 30 കിലോ സ്വര്‍ണം പിടികൂടിയപ്പോഴും ഒളിവിലിരിക്കെയും സ്വപ്ന ശിവശങ്കറിനെ വിളിച്ചു സഹായം തേടിയിരുന്നു. ലൈഫ് മിഷന് കെട്ടിടനിര്മാണക്കരാറിലെ കമ്മിഷനില്‍ 1.8 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരന് വഴി കടത്തിയിരുന്നു. ഡോളറാക്കാന്‍ സ്വകാര്യ ബാങ്ക് മാനേജരെ ശിവശങ്കറാണു സ്വാധീനിച്ചതെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന്റെ കൈയിലുണ്ട്.
പലവട്ടമുള്ള ചോദ്യംചെയ്യലില്‍ എല്ലാം നിഷേധിക്കുകയാണു ശിവശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും സംയുക്തമായെടുത്ത ബാങ്ക് ലോക്കറില്‍നിന്ന് ഒരു കോടിയോളം രൂപ പിടിച്ചിരുന്നു. പണം കോണ്‍സല്‍ ജനറലും ഷാര്‍ജ ഭരണാധികാരിയും സമ്മാനമായി നല്കിയതാണെന്നു സ്വപ്നയും താന്‍ കമ്മിഷനായി കൊടുത്തതാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സ്വര്‍ണക്കടത്തു വരുമാനമാണെന്ന് എന്‍ഫോഴ്സ്മെന്റും പറയുന്നു. ഇക്കാര്യത്തിലും വ്യക്തത ആവശ്യമാണ്.
സ്വപ്നയും ശിവശങ്കറും ഒരുമിച്ച് നടത്തിയ വിദേശയാത്രകള്‍ പലതും സ്വകാര്യ സന്ദര്‍ശനമാണ്. സര്‍ക്കാര്‍ ആവശ്യത്തിനായിരുന്നു യാത്രയെന്നു ശിവശങ്കര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെലവ് വഹിച്ചതു സ്വപ്നയാണ്.
ജെബി പോള്‍






