
ആസ്വദക മനം കീഴടക്കി അരങ്ങിലും പിന്നണിയിലും പ്രഭചൊരിഞ്ഞ തുള്ളല്‍കലാകാരന്‍ ഇന്ന് 75 ന്റെ നിറവ്. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് കലാസ്വാദനത്തിന്റെ അനുഭൂതി പകര്‍ന്നതിന്റെ നിര്‍വൃതിയിലാണ് തുള്ളല്കലാകാരനായ കലാമണ്ഡലം പ്രഭാകരന്. ഒരു കാലത്ത് കേവലം ഒരു ക്ഷേത്രകലയായി ഒതുങ്ങിപ്പോവുമായിരുന്നു കുഞ്ചന്റെ തുള്ളല്‍ . വളരെ ചുരുക്കം പേര് മാത്രമേ ഉണ്ടായിരുന്നുള്ളു കേരളത്തില്‍ ഈ കലയെ അഭ്യസിപ്പിക്കാനും അഭ്യസിക്കാനും അവതരിപ്പിക്കാനും. അവരില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കലാമണ്ഡലം പ്രഭാകരന്. ഊണിലും ഉറക്കത്തിലും തുള്ളല്‍ ഒരു ഉപാസനയായി സ്വീകരിച്ച കലാകാരന്. കല്യാണസൗഗന്ധികത്തിലെ ഭീമനായും കദളിവനത്തിലെ ഹനുമാനായും പ്രേക്ഷകര്‍ക്കുമുന്നില്‍ ചിരിയുടെയും ചിന്തയുടെയും കഥാസന്ദര്‍ഭങ്ങളിലൂടെ പുതു തലമുറയിലേക്ക് കൂടി പ്രഭാകരന് തുള്ളലിന്റെ കലാപ്രൗഡി പകര്‍ന്നു നല്കി.
തുള്ളലിന്റെ ആഗോള സ്വീകാര്യതയ്ക്കു വേണ്ടി ലോകമെമ്പാടും കലാപ്രകടനവുമായി അദ്ദേഹം എത്തി. വിദേശികള്‍ അടക്കം നിരവധി ശിഷ്യഗണങ്ങളെ സമ്പാദിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂള്‍ കലോത്സവത്തിലെ ഓട്ടന്തുള്ളല് വേദികള്‍ നിറഞ്ഞിരുന്നത് കലാമണ്ഡലം പ്രഭാകരന്റെ ശിഷ്യന്മാരെക്കൊണ്ടായിരുന്നു.ഓട്ടന്‍തുള്ളലിനോടുള്ള അടങ്ങാത്ത അഭിനിവേശം കുഞ്ഞുപ്രായത്തില്‍ തന്നെ പ്രകടിപ്പിച്ച അദ്ദേഹം തുള്ളല്‍ പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്കിയ മലബാര്രാമന് നായരുടെ സഹോദരപുത്രനാണ്.
കാസര്‍ഗോഡ് സ്വദേശിയായ പ്രഭാകരന് പത്താം ക്ലാസിനുശേഷം കലാമണ്ഡലത്തില്‍ ചേര്‍ന്നു. ഗുരുക്കന്മാരായ കലാമണ്ഡലം ദിവാകരന് നായര്‍, വടക്കന്‍ കണ്ണന്‍നായര്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ തുള്ളലില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. പിന്നീട് നടനം ശിവപാലിന്റെ കീഴില്‍ ഭരതനാട്യവും പഠിച്ചു. വെച്ചൂര്‍ തങ്കമണിപ്പിള്ളയുടെ കീഴില്‍ പറയന് തുള്ളല്‍ അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിലേറെ വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. മൂന്നു തരം തുള്ളല്‍ ശൈലികളായ ശീതങ്കനും പറയനും ഓട്ടനും ഒരുപോലെ കൈാര്യം ചെയ്യുന്ന ചുരുക്കം കലാകാരന്മാരില് ഒരാളാണ് കലാമണ്ഡലം പ്രഭാകരന്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് 'തുള്ളല്‍ത്രയം' എന്ന നൂതന കലാസൃഷ്ടി. മൂന്ന് ശൈലിയിലുള്ള തുള്ളലുകള്‍ ഒന്നിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കുന്നതാണിത്. അച്ഛനും മക്കളും ഒരുമിച്ച് വേദിയിലെത്തുന്നു എന്ന അപൂര്‍വ്വതയോടെ ആ കലാസൃഷ്ടി ഏറെ സ്വീകരിക്കപ്പെട്ടു. കല്യാണസൗഗന്ധികത്തില്‍ സൂത്രധാരന്‍ ശീതങ്കന്വേഷത്തില്വന്ന് കഥപറയുന്നു. ഭീമന് (ഓട്ടന്‍), പാഞ്ചാലി (പറയന്), ഹനുമാന് (ശീതങ്കന്‍) എന്നിങ്ങനെയാണ് തുള്ളല്‍ ത്രയത്തില്‍ വേഷവിഭജനം. പ്രഭാകരന് ഹനുമാനായും മകന് പ്രവീണ്‍ ഭീമനായും മകള്‍ പ്രവീണ പാഞ്ചാലിയായും രംഗത്തുവരുന്ന കുടുംബത്രയംകൂടിയായി ഈ അവതരണം മാറി. അതുപോലെ അദ്ദേഹം ചിട്ടപ്പെടുത്തിയ ' തുള്ളല്‍ സംഗീത സായാഹ്നവും' ഏറെ ശ്രദ്ധ നേടി. കുഞ്ചന്‍ നമ്പ്യാരുടെ മൊഴിമുത്തുകളും തുള്ളിലിലെ അപൂര്‍വ്വ താളങ്ങളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ഈ കലാപരിപാടി ഇന്നും നിറഞ്ഞ വേദികളില്‍ തുടരുന്നു.
അമ്പതിലധികം പ്രൊഫഷണന് നാടകങ്ങളുടെ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരെ രാജശാസന പ്രകാരം പടിയിറക്കിയ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ രണ്ടര നൂറ്റാണ്ടിനുശേഷം തുള്ളല്‍ അവതരിപ്പിക്കാന്‍ സാംസ്കാരിക വകുപ്പും ദേവസ്വം ബോര്‍ഡും തീരുമാനിച്ചപ്പോള്‍ ആ ചരിത്ര സംഭവത്തില്‍ ശീതങ്കല്‍ തുള്ളല്‍ വേഷമണിഞ്ഞ് നമ്പ്യാരുടെ പിന്ഗാമിയായെത്തിയതും കലാമണ്ഡലം പ്രഭാകരനാണ്. ചെറുപ്പകാലത്തെ ദാരിദ്ര്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ കലാകാരന് താന്‍ പഠിച്ച കലയിലൂടെ വിട്ടുവീഴ്ചയില്ലാത്ത ആത്മാര്‍പ്പണം നടത്തിയാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയത്. തുള്ളലെന്ന കലാരൂപത്തെ ജനകീയമാക്കുന്നതില്‍ ഇദ്ദേഹത്തോളം ശ്രമം നടത്തിയ കലാകാരന്മാര് കുറവാണ്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

ഓട്ടന്‍തുള്ളലിന്റെ ക്ലാസിക്ക് ചട്ടക്കൂടില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാതെ തന്നെ അതിനു പുതുഭാഷ്യം നല്കി. തന്റെ ഉള്ളിലെ പാട്ടുകാരനെയും അഭിനേതാവിനെയും നര്‍ത്തകനെയും ഒരേസമയം ആസ്വാദകര്‍ക്ക് മുന്നില്‍ എത്തിച്ചാണ് തുള്ളലിന്റെ സാധ്യതകളെ കലാമണ്ഡലം പ്രഭാകരന് ഇത്രയും ജനകീയമാക്കിയത്. പാട്ടും അഭിനയവും നൃത്തവും ഒരേസമയം നിര്‍വഹിക്കേണ്ട ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ള കലയാണ് ഓട്ടന്തുള്ളല്. അതിന്റെ വഴക്കങ്ങളെ അനായാസമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചത് ചിട്ടയായ പരിശീലനത്തിലൂടെയാണ്. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമി പുരസ്കാരവും കേരള കലാമണ്ഡല പുരസ്കാരവും അവയില്‍ ചിലത് മാത്രമാണ്.
ആദ്യകാലത്ത് തുള്ളല്ക്കലകൊണ്ടുമാത്രം ജീവിക്കാനാവാത്ത സാഹചര്യം പ്രഭാകരനെ വാഹനങ്ങളുടെ പണിശാലയിലെത്തിച്ചിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.യില്‍ ചേര്‍ന്നു. 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. അക്കാലത്തും പകല്‍ ജോലിക്ക് ശേഷം രാത്രി വേദികളിലെത്തി. ഓട്ടനില്‍ കിരാതം, രാമാനുചരിതം, സന്താനഗോപാലം, പാഞ്ചാലീസ്വയംവരം, ബാലിവിജയം, ശീതങ്കനില്‍ കല്യാണ സൗഗന്ധികം, ഗണപതിപ്രാതല്‍, പറയനില്‍ പുളിന്ദീമോക്ഷം എന്നീ കഥകളില്‍ കലാമണ്ഡലം പ്രഭാകരന് അദ്വിതീയനായിരുന്നു. തനിക്ക് പൈതൃകമായി കിട്ടിയ കഴിവുകള്‍ സ്വാംശീകരിച്ച് വേദികളിലൂടെ തുള്ളല്‍ കലയെ ഉയരങ്ങളില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഈ എഴുപത്തിയഞ്ചാം വയസ്സിലും പ്രഭാകരന്.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ കുട്ടമത്ത് വള്ളിയോടന്‍ കുഞ്ഞമ്പുനായരുടെയും പറമ്പത്ത് വീട്ടില്‍ മാക്കമ്മയുടെയും മകനായി 1945ലാണ് ജനിച്ചത്. തുള്ളലുമായി പലതവണ ദേശീയപര്യടനം നടത്തിയിട്ടുള്ള പ്രഭാകരന് ഭാരതത്തിന്റെ പല ഭാഗങ്ങളിലും നിരവധി ആരാധകരുണ്ട്. മുംബൈ, ഡല്‍ഹി, കല്‍ക്കത്ത, പോര്‍ബന്തര്‍ എന്നിവിടങ്ങളില്‍ നിരവധി തവണ തുള്ളല്‍ അവതരിപ്പിക്കുകയും ഇവിടങ്ങളില്‍ നിന്നും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. . ഇപ്പോള്‍ എറണാകുളത്ത് എളമക്കരയില്‍ സൗഗന്ധികത്തില്‍ കുടുംബസമേതം താമസിക്കുന്ന പ്രഭാകരന്റെ വീട് ശിഷ്യഗണങ്ങളും കലാപരിശീലനവുമായി മറ്റൊരു കലാമണ്ഡലമാണ്.
''മക്കള്‍ ചോദിക്കാറുണ്ട് പ്രായമായി. ഇനി തുള്ളണോ...? എനിക്ക് തുള്ളുമ്പോള്‍ കിട്ടുന്ന മനസ്സിന്റെ ഒരു സുഖമുണ്ട്... അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല...'' -കലാമണ്ഡലം പ്രഭാകരന് പറയുന്നു. ഇത്തവണ ലോക്ഡൗണ്‍ കാലത്തും ഇദ്ദേഹം വെറുതേയിരുന്നില്ല. ലോക്ഡൗണിന്റെ ഒഴിവുവേളയെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തന്റെ പ്രിയപ്പെട്ട വിഷയമായ കുഞ്ചന്‍ നമ്പ്യാര്‍ കൃതികളെ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്താന്‍ നമ്പ്യാര്കൃതികളിലെ നര്‍മബിന്ദുക്കള്‍ തിരഞ്ഞെടുത്ത് ചെറിയ വിഡിയോകള്‍ തയാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. . ഒഴിവു സമയ കുഞ്ചന്‍ നര്മചിന്തകള് 10 ഭാഗങ്ങളായാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തിയത്. കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ സിന്‍ഡിക്കറ്റ് അംഗവും തിരൂര്‍ മലയാളം സര്‍വകലാശാലയിലെ സെനറ്റ് അംഗവുമാണ് ഇപ്പോള്‍ .







Comments