
കൊച്ചി: ''വൃക്ക വില്ക്കാന് തയാറാണച്ചാ! എന്തുചെയ്യണം, ഒന്നു വിറ്റുതരുമോ!'' ഓരോ ദിവസവും ഇങ്ങനെ അഞ്ചും ആറും ഫോണ്‍ കോളുകളാണു കിഡ്നി ഫെഡറേഷന് സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലിനെ തേടിയെത്തുന്നത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് കടവും ദാരിദ്ര്യവുമല്ലാതെ ഒന്നും ബാക്കിയില്ലാത്ത പാവങ്ങളാണു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി സ്വന്തം ശരീരഭാഗം പോലും മുറിച്ചുകൊടുക്കാന് തയാറാകുന്നവര്‍.
സംസ്ഥാനത്ത് അവയവമാഫിയ പിടിമുറുക്കിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു എന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ഫാ. ചിറമ്മല്‍. അവയവ മാഫിയ മുമ്പുമുണ്ടായിരുന്നു. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി നടത്തിപ്പിലെ പിഴവുകള്‍ അവര്‍ക്കു തുണയാകുന്നു. ഇപ്പോള്‍ കോവിഡ് മൂലമുണ്ടായ തൊഴില്‍നഷ്ടവും ദാരിദ്ര്യവും മാഫിയയുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നു. ജീവിക്കാനുള്ള അവസാന കച്ചിത്തുരുമ്പെന്ന നിലയിലാണു പലരും വിളിക്കുന്നത്. വിളിച്ചയാള്‍ മാറിപ്പോയെന്നും റോങ് നമ്പറാണെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണു ചെയ്യുന്നതെന്നു ഫാ. ചിറമ്മല്‍ പറഞ്ഞു.
സംസ്ഥാനത്ത് വൃക്കയ്ക്ക് ആവശ്യക്കാരുടെ എണ്ണം കൂടുകയാണ്. മൃതസഞ്ജീവനി പദ്ധതി വലിയ പ്രതീക്ഷ നല്‍കിയിരുന്നു. അതിനു കഴിയുന്ന സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അധികൃതര്‍ വിളിച്ചിട്ടേയില്ല. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി കുറ്റമറ്റതാക്കിയാല്‍ വീഴ്ചകള്‍ പരിഹരിക്കാമെന്നും വാടാനപ്പിള്ളി സദേശിക്കു തന്റെ വൃക്കകളിലൊന്നു നല്‍കിയതിനു ശേഷം കിഡ്നി ഫെഡറേഷന് എന്ന ജീവകാരുണ്യ സംഘടനയ്ക്കു രൂപം നല്കിയ അദ്ദേഹം പറഞ്ഞു.
അവയവ മാഫിയയുടെ ഇടനിലക്കാരെപ്പറ്റി, നാലു വര്‍ഷം മുമ്പ് വൃക്ക ദാനം ചെയ്ത സുല്‍ത്താന്‍ ബത്തേരി മലങ്കരകുന്ന് ഇടവകയിലെ ഫാ. ഷിബു കുറ്റിപറിച്ചേലിനും പറയാനുണ്ട്. മാഫിയ ഇടപാടില്‍ ഇടനിലക്കാര്‍ മുതല്‍ ഡോക്ടര്മാര്വരെയുണ്ടാകാം. ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്നതു ക്യാമറയിലൂടെ ബന്ധുക്കളെ കാണിക്കണമെന്ന നിയമം നടപ്പാക്കണം. അവയവമാഫിയയെപ്പറ്റി പറഞ്ഞ മലയാള സിനിമയുടേതു കഥ മാത്രമല്ലെന്നും യഥാര്‍ഥ സംഭവമായിരുന്നുവെന്നും അഭിനേതാക്കളിലൊരാള്‍ പറഞ്ഞിരുന്നു.
മറ്റു ശസ്ത്രക്രിയകള്‍ക്കു വിധേയരാകുന്നവര്‍ അതിനിടെ വൃക്ക നഷ്ടപ്പെട്ടത് അറിയണമെന്നില്ല. അതിനാലാണു ശസ്ത്രക്രിയകള്‍ ക്യാമറയിലൂടെ ബന്ധുക്കളെ കാണിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഫാ. ഷിബു പറഞ്ഞു.
മൂലമറ്റത്ത് അനേകര്‍ ഇരയായെന്നു സൂചന
അവയവദാന കച്ചവടത്തില്‍ മൂലമറ്റം, അറക്കുളം മേഖലകളില്‍ നിരവധി പേര് ഇരയായതായി സൂചന. വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ കച്ചവടാ അടിസ്ഥാനത്തില്‍ െകെമാറ്റം ചെയ്യാന്‍ മേഖലയില്‍ ഇടനിലക്കാരായി ഏജന്റുമാരും രംഗത്തുള്ളതായാണു വിവരം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അവയവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും സൂചനയുണ്ട്. അവയവ കൈമാറ്റത്തിന് സന്നദ്ധരാകുന്നവര്‍ക്ക് ലക്ഷങ്ങളാണു വാഗ്ദാനം.
ബാങ്ക് വായ്പ എടുത്തു കടക്കെണിയിലായവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും പെണ്മക്കളെ വിവാഹം കഴിച്ച് അയയ്ക്കാന്‍ കഴിയാതെ പ്രതിസന്ധി നേരിടുന്നവരുമൊക്കെയാണ് ഏജന്റുമാരുടെ വലയില്‍പ്പെടുന്നത്. മോഹന വാഗ്ദാനം നല്കി വാഹനക്കൂലിയും മറ്റും നല്‍കിയാണ് വലയില്പ്പെടുന്നവരെ ഏജന്റുമാര്‍ ആശുപ്രതിയിലെത്തിക്കുന്നത്.
പിന്നീട് ഗുരുതര അസുഖങ്ങളുമായി ചികിത്സ തേടുമ്പോഴാണ് തങ്ങള്‍ അകപ്പെട്ട കെണിയുടെ ഗൗരവം പലരും അറിയുന്നത്. വൃക്ക വിറ്റ് ആര്‍ഭാട ജീവിതം നയിച്ച ശേഷം പണം തീര്‍ന്നപ്പോള്‍ വിഷമിക്കുന്ന ദമ്പതികളും മൂലമറ്റം മേഖലയിലുണ്ട്. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അവയവ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്.






