
ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈയ്ക്ക് 146 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോഹ്‌ലിയും (43 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ്)വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സും (36 പന്തില്‍ 39 റണ്‍സ്) ചേര്‍ന്നാണ് ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് എത്തിച്ചത്.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മിന്നും തുടക്കമാണ് എന്ന് തോന്നിപ്പിച്ചുവെങ്കിലും സ്‌കോര്‍ 31 ല്‍ എത്തിയപ്പോള്‍ ഫിഞ്ചിനെ മിച്ചല്‍ സാന്റ്‌നര്‍ മടക്കി. 15 റണ്‍സ് മാത്രമായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. സ്‌കോര്‍ 50 ല്‍ എത്തുന്നതിനു മുമ്പേ ദേവ്ദത്ത് പടിക്കലും(22 റണ്‍സ്) മടങ്ങി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 82 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയത്. സ്‌കോര്‍ 128 ആയപ്പോള്‍ ഡിവില്ലിയേഴ്‌സിനെ ദീപക് ചഹര്‍ ഡുപ്ലെസിസിന്റെ കൈകളില്‍ എത്തിച്ചു. പിന്നാലെ എത്തിയ മോയിന്‍ അലി(1) കാര്യമായ സംഭാവന നല്‍കാനായില്ല. സാം കറനാണ് അലിയെ മടക്കിയത്. ക്രിസ് മോറിസിനെയും രണ്ട് റണ്‍സില്‍ ദീപക് ചഹര്‍ മടക്കിയതോടെ ആര്‍സിബി വിജയലക്ഷ്യം ചെന്നൈ ചുരുക്കി. ഗുര്‍കീരത് സിങ് വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി സാം കറന്‍ മൂന്ന് വിക്കറ്റും, ദീപക് ചഹര്‍ രണ്ട് വിക്കറ്റും മിച്ചല്‍ സാന്റ്‌റനര്‍ ഒരു വിക്കറ്റും വീഴ്ത്തി.






