
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍. അലഹബാദ് ഹൈക്കോടതിയാണ് മേല്‍നോട്ടം വഹിക്കുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ വിചാരണ ഡല്‍ഹിക്ക് മാറ്റണമെന്ന ആവശ്യം പിന്നീട് പരിഗണിക്കും. കേസില്‍ സി.ബി.ഐ അന്വേഷണം അവസാനിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണം അടക്കമുള്ള കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അലഹബാദ് ഹൈക്കോടതിയാണ് നോക്കേണ്ടത്. സി.ബി.ഐ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പൊതുപ്രവര്‍ത്തകനായ സത്യമ ദുബെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം വന്നത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ യു.പിക്ക്് പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സെപ്തംബര്‍ 14ന് ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണമടഞ്ഞത്. അന്നു രാത്രി തന്നെ മൃതദേഹം പോലീസ് ദഹിപ്പിക്കുകയും ചെയ്തു.






