
നവരാത്രി ആഘോഷ വേളയിൽ ഒറ്റ ദിവസം 550 വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി മെഴ്സിഡസ് ബെന്‍സ്. ഉത്സവ സീസണില്‍ മികച്ച ഓഫറുകൾ നല്കി കൂടുതല്‍ ഉപയോക്താക്കളെ കമ്പനികള്‍ ആകര്‍ഷിക്കാറുണ്ട്. രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ നിന്നായാണ് ഈ റെക്കോഡ് ഡെലിവറി നേടിയത്.
ഡൽഹിയിലും മുംബൈയിലും ഗുജറാത്തിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതല്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ മാത്രം 175 കാറുകളാണ് നവരാത്രിക്കിടെ കമ്പനി വിറ്റത്. സെഡാനുകളായ സി ക്ലാസ്, ഇ ക്ലാസ്, എസ്യുവികളായ ജിഎൽസി, ജിഎൽഇ, ജിഎൽഎസ് എന്നീ മോഡലുകളാണ് കൂടുതലായി വിറ്റു പോയത്. രാജ്യതലസ്ഥാനമായി ഡല്‍ഹി, മുംബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഴ്സിഡസ് വിപണി കൂടുതല്‍ മെച്ചപ്പെടുകയാണ്.
ഇക്കൊല്ലം മൂന്നാം പാദത്തിൽ ഓരോ മാസവും 25% വീതം വിൽപന വളർച്ച നേടാൻ കമ്പനിക്കായി എന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഏപ്രിൽ – ജൂൺ ത്രൈമാസത്തെ അപേക്ഷിച്ച് നാലിരട്ടിയോളം കാറുകളാണു മെഴ്സിഡീസ് ബെൻസ് സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ വിറ്റത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ ലഭ്യമായതോടെ കാർ വിൽപനയിൽ മികച്ച മുന്നേറ്റമാണു മെഴ്സിഡീസ് ബെൻസ് നേടിയത്.






