
പാര്‍ട്ടിയിലും അധികാരക്കസേരയിലും എതിര്‍വായില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്, അദ്ദേഹത്തിന്റെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രി െകെയാളുന്ന ഐടി വകുപ്പിന്റെ സെക്രട്ടറി... സ്വപ്നതുല്യമായിരുന്നു അധികാരശ്രേണിയില്‍ എം. ശിവശങ്കര്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ സ്ഥാനം. സ്പ്രിങഌ കരാര്‍ വിവാദമായതോടെ, മുഖ്യമന്ത്രിയുടെ തണലുള്ളപ്പോള്ത്തന്നെ, കരിനിഴല്‍ വീണു. സ്വര്‍ണക്കടത്തോടെ സ്വപ്നബന്ധങ്ങള് പുറത്തുവന്നതോടെ അധികാരനഷ്ടം.
ഒരു മന്ത്രിസഭാംഗം വഞ്ചകനെന്നു വിളിച്ചു. ഇപ്പോള്‍, കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ഐ.എ.എസുകാരനെന്ന അപഖ്യാതി. മൂന്നു മാസത്തിലെ വീഴ്ച ഒരു ദുഃസ്വപ്നം പോലെയായി. എല്ലാ സര്‍ക്കാരുകളുടെയും ഭരണാധികാരികളുടേയും വിശ്വസ്തന് എന്ന നിലയില്‍നിന്നാണു താന്‍ കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയെന്നു കോടതിയില്‍ വിലപിക്കേണ്ടിവന്ന അവസ്ഥയിലേക്കു ശിവശങ്കര്‍ വീണത്.
സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു ശിവശങ്കര്‍. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ രണ്ടാം റാങ്ക്. പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളജില്‍നിന്നു ബി.ടെക് ബിരുദം. അവിടെ കോളജ് യൂണിയന് ചെയര്‍മാനായിരുന്നു. തുടര്‍ന്ന് ഗുജറാത്തിലെ ഇര്മയില്നിന്നു റൂറല്‍ മാനേജ്മെന്റില്‍ പി.ജി. ഡിപ്ലോമ നേടി. റിസര്‍വ് ബാങ്കില്‍ ഓഫിസറായിരിക്കെയാണു റവന്യു വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചത്. 1995ല്‍ ഐ.എ.എസ്. അംഗീകരിച്ചുനല്‍കി. 2000 മാര്‍ച്ച് ഒന്നിന് ഐ.എ.എസില്‍ സ്ഥിരപ്പെടുത്തി.
മലപ്പുറം കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണു ശിവശങ്കര്‍ കാഴ്ചവച്ചത്. കേരളത്തിന്റെ ഐടി രംഗത്തു വിപ്ലവമുണ്ടാക്കിയ അക്ഷയ സെന്ററുകളും ഫ്രണ്ട്സ് ജനസേവനകേന്ദ്രവുമൊക്ക അദ്ദേഹത്തിന്റെ ആശയമായിരുന്നു. ടൂറിസം ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും തടയിട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് െവെദ്യുതി ബോര്‍ഡിന്റെ ചുമതലക്കാരനായിരുന്നു. െവെദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല െവെദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവച്ചു. സ്പോര്‍ട്സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയില്‍ ദേശീയ ഗെയിംസ് നടന്നത്. ഈ പ്രവര്‍ത്തനമികവുമായാണ് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിക്കും അതീതനായി ശിവശങ്കറിനെ തന്റെ ഓഫീസിലെ ശക്തനായി പിണറായി നിയമിച്ചത്. കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള പല സുപ്രധാന പദ്ധതികളുടെയും ചുമതല അദ്ദേഹത്തിനായിരുന്നു. സിപ്രിങഌ കരാര്‍ വിവാദമായപ്പോള്‍ ആദ്യമായി പ്രതിക്കൂട്ടിലായി. അന്നും പിണറായി െകെവിട്ടില്ല.
സി.പി.ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പിണറായിയുടെ ദൂതനായി കാനം രാജേന്ദ്രനെ കാണാന്‍ നിയുക്തനായതും ശിവശങ്കറാണ്. അതിനു പിന്നാലെയാണ് നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണകടത്ത് കേസ് വരുന്നത്. പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്തുവന്നതോടെ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. മുഖ്യമന്ത്രി െകെയൊഴിഞ്ഞു. സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ അറസ്റ്റിലുമായി. 2023 ജനുവരി 31 വരെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് ഉയിര്‍ത്തെഴുനേല്‍പ്പ് ഉറപ്പില്ലാത്ത വീഴ്ച.






