
തിരുവനന്തപുരം: സംവരണ വിഷയത്തിൽ
മുസ്ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
‘‘മുസ്ലിം ലീഗിന്റെ എതിർപ്പ് രസാവഹമാണ്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗെന്നാണ് ആ പാർട്ടിയുടെ പേര്. അതിന്റെ ആദ്യഭാഗം ഇന്ത്യൻ യൂണിയൻ എന്നാണ്. ഇന്ത്യൻ യൂണിയനിൽ കേരളം വിട്ടാൽ എവിടെയാണ് മുസ്ലിങ്ങൾക്ക് മുഴുവനും സംവരണമുള്ളത്? മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളിൽ ചെറിയ വിഭാഗത്തിനുമാത്രമേ സംവരണമുള്ളൂ’’- മുഖ്യമന്ത്രി പറഞ്ഞു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്ന പ്രയോഗം തന്നെ മാറ്റണം. ഇത് സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണം ആണ്. മുന്നാക്കക്കാരിലെ ഏറ്റവും പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിശ്ചയിച്ചിച്ചിട്ടുള്ളതെന്നും നിലവിലുള്ള സംവരണത്തിൽ ആർക്കും നേരിയശതമാനംപോലും നഷ്ടപ്പെടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, ജാതിയും മതവും ഇല്ലാത്ത കൂട്ടരും നമ്മുടെ നാട്ടിലുണ്ട്. അവരും ഈ തീരുമാനത്തോടെ സംവരണാനുകൂല്യത്തിന് അർഹതയുള്ളവരായി മാറും. മുഖ്യമന്ത്രി പറഞ്ഞു.






