ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് കേസില്‍ വിധി പറഞ്ഞ പ്രത്യേക കോടതി ജഡ്ജ് സുരേന്ദ്ര കുമാര്‍ യാദവിന് നല്‍കിയിരുന്ന സുരക്ഷ തുടരാനാകില്ലെന്ന് സുപ്രീം കോടതി. താന്‍ വിധി പറഞ്ഞ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിരമിച്ച ശേഷവും സുരക്ഷ തുടരണമെന്ന് എസ്.കെ യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷ തുടരേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ 28 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും അടക്കം 32 പ്രതികളെയും എസ്.കെ യാദവ് വെറുതെവിട്ടു. അദ്വാനിയും ജോഷിയും അടക്കമുള്ള നേതാക്കള്‍ ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പകരം കര്‍സേവകരെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയായിരുന്നുവെന്നുമാണ് യാദവിന്റെ കണ്ടെത്തല്‍.
ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും അടക്കം ഹാജരാക്കിയിട്ടും അവ തെളിവായി സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യമേറിയ കേസില്‍ ലഖ്നൗ പ്രത്യേക കോടതിയുടെ വിധി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2015 മുതല്‍ തുടര്‍ച്ചയായി ബാബ്റി മസ്ജിദ് കേസ് പരിഗണിച്ചിരുന്ന ജഡ്ജിയാണ് എസ്.കെ യാദവ്. 2019ല്‍ വിരമിക്കേണ്ട യാദവിന് കേസിന്റെ പ്രാധാന്യം പരിഗണിച്ച് 2020 വരെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.






