
തിരുവനന്തപുരം/കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ വീട്ടിലും ബിസിനസ് പങ്കാളികളുടെ വസതികളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേിന്റെ(ഇ.ഡി.) മിന്നല്‍ പരിശോധന. ബംഗളുരു മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡിനെച്ചൊല്ലി റെയ്ഡിനിടെ തര്‍ക്കം.
കാര്‍ഡ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടില്‍കൊണ്ടുവന്ന് ഇട്ടതാണെന്ന് ബിനീഷിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചതോടെ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം. എ.ടി.എം. കാര്‍ഡ് സംബന്ധിച്ച രേഖയില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യ തറപ്പിച്ചു പറഞ്ഞതോടെ അനിശ്ചിതത്വം. കാര്‍ഡ് വീട്ടില്‍നിന്നു കണ്ടെടുത്തതാണെന്ന നിലപാടില്‍ ഇ.ഡിയും ഉറച്ചുനിന്നതോടെ രാത്രി വൈകിയും നാടകീയരംഗങ്ങള്‍.
ബിനീഷിന്റെ അഭിഭാഷകനെ വീട്ടിലേക്കു പ്രവേശിക്കാന്‍ ഇ.ഡി. അനുവദിച്ചില്ല. ബിനീഷിന്റെ തിരുവനന്തപുരത്തെ വസതിയില്‍ രാവിലെ പത്തുമണിക്കു തുടങ്ങിയ റെയ്ഡ് 12 മണിക്കൂര്‍ പിന്നിട്ടു രാത്രി വൈകിയും തുടര്‍ന്നു. ഇന്ന് ആദായനികുതി വകുപ്പും പരിശോധന നടത്തിയേക്കും. റെയ്ഡില്‍ പ്രതിഷേധമുണ്ടാകുമെന്ന കരുതലില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സി.ആര്.പി.എഫിന്റെ സഹായം തേടിയിരുന്നു.
രാവിലെ പത്തോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിനീഷിന്റെയും പങ്കാളികളുടെയും വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന നടന്നത്. തലസ്ഥാനത്തെ മരുതംകുഴിയിലെ കോടിയേരി ഹൗസില്‍ ബിനീഷിന്റെ ഭാര്യയും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ബിനീഷിന്റെ ഭാര്യയുടെ മൊഴിയെടുത്തു. ഇതിനിടയില്‍ നഗരത്തിലെ നാല് ബാങ്കുകളിലും ഇ.ഡി. ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് രേഖകള്‍ ശേഖരിച്ചു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും അനൂപ് മുഹമ്മദ് അയച്ച പണത്തിന്റെ കണക്കുകളുമാണ് ഇ.ഡി. അന്വേഷിച്ചത്.
ബിനീഷിന്റെ പങ്കാളിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം കേശവദാസപുരം കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ കവടിയാറിലെ വീട്ടിലും കേശവദാസപുരത്തെ ഷോറൂമിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി അബ്ദുള്‍ ലത്തീഫിന് അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ നിര്‍മാണ കരാര്‍ കിട്ടിയത് അബ്ദുള്‍ലത്തീഫിനാണ്. ഇതില്‍ സ്വപ്നയ്ക്ക് 50 ലക്ഷത്തിലധികം രൂപ കമ്മിഷന് നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.
മരുന്നുകളുടെ മൊത്തക്കച്ചവട വ്യാപാരിയായ ടോറസ് റമഡീസ് എന്ന കമ്പനിയുടെ ഉടമ ആനന്ദ് പത്മനാഭന്റെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനു സമീപമുള്ള ഓള്‍ഡ് കോഫി ഹൗസ് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തോടെ ആനന്ദ് പത്മനാഭന് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. 15 ലക്ഷം രൂപ ബിനീഷ് ഇവിടെ മുടക്കിയതായും കണ്ടെത്തി. കെ.കെ.റോക്സ് എന്ന കരിങ്കല്ല് ക്വാറി കമ്പനികളുടെ പട്ടം ശാഖയിലും റെയ്ഡ് നടന്നു. വിഴിഞ്ഞം പദ്ധതിക്കുള്‍പ്പെടെ കരിങ്കല്ല് വിതരണത്തിന് കെ.കെ. റോക്ക്സിന് കരാര്‍ ലഭിച്ചിരുന്നു. കെ.കെ. റോക്സ് ഉടമ അരുണ്‍ വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തി.
ബിനീഷിന്റെ അടുത്ത പങ്കാളിയെന്ന് സംശയിക്കുന്ന നെടുമങ്ങാട് സ്വദേശി അല്‍ജസാം അബ്ദുള്‍ ജാഫറിന്റെ വീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി. ബീനീഷിന്റെ സുഹൃത്തും കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന് മുന്ഭാരവാഹിയായിരുന്നു മുഹമ്മദ് അനസിന്റെ തലശേരിയിലെ വീട്ടിലും റെയ്ഡ് നടത്തി. അനസ് സ്ഥലത്തില്ലാത്തതിനാല്‍ അഭിഭാഷകന് വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അഭിഭാഷകന് മടങ്ങി. തലശേരിയിലെ ചില ക്രിക്കറ്റ് ക്ലബുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ ത്തുടര്‍ന്നാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധമുള്ളവരെ തേടി ഇ.ഡിയെത്തിയത്. ബിനീഷ് കോടിയേരിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അനസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.






