ന്യൂഡല്‍ഹി: കൊവിഡും വായു മലിനീകരണവും ഭീഷണി യര്ത്തുന്നതോടെ സംസ്ഥാനങ്ങളില്‍ ദീപാവലിക്ക് പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്ത പടക്കങ്ങള്‍ക്കാണ് വിലക്ക്.
രാജസ്ഥാനില്‍ പടക്കങ്ങളുടെ വില്‍പ്പനയും പൊട്ടിക്കുന്നതും നിരോധിക്കുമെന്ന് കാണിച്ച് മുഖ്യമന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കൊവിഡ് രോഗികളുടെ ആരോഗ്യം പരിഗണിച്ചും പൊതുജനങ്ങളെ പടക്കങ്ങളില്‍ നിന്നുള്ള വിഷപ്പുകയില്‍ നിന്ന് രക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്തും.
ഒഡീഷയാണ് പിറ്റേന്ന് നിരോധനവുമായി വന്ന മറ്റൊരു സംസ്ഥാനം. നവംബര്‍ 10-30 വരെ ഇവിടെ പടക്കങ്ങളുടെ വില്‍പ്പനയും പയോഗവും നിരോധിച്ചുവെന്ന് ചീഫ് സെക്രട്ടറി എ.കെ ത്രിപാഠി അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.
സിക്കിമിലും നിരോധനം കര്‍ശനമാക്കി. കൊവിഡ് രോഗികള്‍ക്കും രോഗമുക്തര്‍ക്കും വായു മലിനീകരണം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ പടക്കം പൊട്ടിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി എസ്.കെ ഗുപ്ത അറിയിച്ചു.
ദീപാവലിക്കു ശേഷം ഏറ്റവും കൂടുതല്‍ വായു മലിനീകരണം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. വായു മലിനീകരണ തോത് ഉയര്‍ന്നതോടെ ദേശീയ തലസ്ഥാന നഗരത്തില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരികയാണ്. ഇതോടെയാണ് നവംബര്‍ 30വരെ സംസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളും നിരോധിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നലെ വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളില്‍ ഈ വര്‍ഷം ദീപാവലി, കാളി പൂജ, ഛാത് പൂജ എന്നീ അവസരങ്ങളിലെല്ലാം പടക്കങ്ങള്‍ നിരോധിച്ചു. മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷിക്കുന്നതിന് കൊവിഡ് മാര്‍ഗരേഖ ഇന്ന് പുറത്തുവിട്ടു. ഇതുപ്രകാരം സംസ്ഥാനത്ത് , പ്രത്യേകിച്ച് മുംബൈയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് കര്‍ശനമായി നിരോധിച്ചു.






