
വാഷിംങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നാലാം ദിനവും വോട്ടെണ്ണല്‍ തുടരവെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയത്തോട് അടുക്കുമ്പോഴും ഒട്ടും വിട്ടുകൊടുക്കാതെ എതിര്‍സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. വിജയം ഏറെക്കുറെ ഉറപ്പാക്കിയ ജോ ബൈഡനോട് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി.
നിര്‍ണായകമായ അഞ്ചു സംസ്ഥാനങ്ങളില്‍ ഇപ്പോഴും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് തുടരുകയാണ്. നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 264 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന് കേവല ഭൂരിപക്ഷമായ 270 വോട്ടുകള്‍ക്ക് തൊട്ടടുത്താണ്.






