
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് പ്രസിഡന്റായതോടെ ജില് ബൈഡന് അമേരിക്കയുടെ പ്രഥമ വനിതയായിരിക്കുകയാണ്. ഒരു കോളേജ് അദ്ധ്യാപികകൂടിയായ ജില് പാരമ്പര്യമായി അമേരിക്കന്‍ പ്രഥമ വനിതകള്‍ സ്വീകരിക്കുന്ന നിലപാടുകളാണൊ മറിച്ച് പുരോഗമനപരമായ നയങ്ങളാണോ സ്വീകരിക്കുക? ഇതാണ് അമേരിക്കന്‍ ജനത ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അമേരിക്കയുടെ പ്രഥമ വനിത എന്ന പദവി ഇന്നും നിരവധി യാഥാസ്ഥിതിക കെട്ടുപാടുകള്ക്കുള്ളില് നില്‍ക്കുന്നതാണ്. എന്നാല്‍ ഈ യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ 21-ാം നൂറ്റാണ്ടിലെങ്കിലും മാറണമെന്നാണ് പുരോഗമനവാദികളുടെ ആവശ്യം. അവര്‍ ഇക്കാര്യത്തില്‍ ജില് ബൈഡനില്‍ വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ അത്തരമൊരു മാറ്റത്തിനുള്ള ശ്രമങ്ങള്‍ പാരമ്പര്യ വാദികളില്‍ നിന്ന് തിരിച്ചടി നേരിടാനും കാരണമായേക്കാം.
ഇതുവരെ ഇല്ലാതിരുന്ന ആശയക്കുഴപ്പം ഇപ്പോള്‍ ഉടലെടുക്കുന്നതിനു പിന്നില്‍ ജില് ബൈഡന് എന്ന സ്ത്രീയുടെ വ്യക്തിപ്രഭാവമാണ്. കാരണം ബൈഡന്റെ നിശ്ചയ ദാര്‍ഢ്യ നിലപാടുകളുടെ കരുത്ത് ജില് ബൈഡനാണെന്ന് പറയാം. ഒരു ഘട്ടത്തില്‍ ജീവിതത്തിന്റെ ദുരന്ത മുഖത്തുനിന്നും ബൈഡനെ കൈപിടിച്ചുയര്‍ത്തിയത് ജില് ആണ്. 1972-ല്‍ ഒരു കാര്‍ അപകടത്തില്‍ ബൈഡന് തന്റെ കുടുംബത്തെ നഷ്ടമാകുന്നു. അവിടുന്നിങ്ങോട്ട് അമേരിയ്ക്കന്‍ പ്രസിഡന്റ് പദവി വരെ ആ ജില്ലിന്റെ കൈത്താങ്ങ് നഷ്ടമായിട്ടില്ല. ഇങ്ങനെ ബുദ്ധി വൈഭവവും നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു സ്ത്രീ തന്റെ ജോലി ഉപേക്ഷിച്ച് സാമ്പ്രദായിക രീതികള്‍ക്ക് വഴങ്ങിക്കൊടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.






