ന്യൂഡല്‍ഹി: ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യമില്ല. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അര്‍ണാബ് ഗോസ്വാമി നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഇക്കഴിഞ്ഞ നാലിനാണ് അര്‍ണാബ് ഗോസ്വാമിയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തത്. ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
റിപ്പബ്ലിക് ടി.വിയുടെ ഇന്റീരിയര്‍ ചെയ്തതിന്റെ പ്രതിഫലമായ അഞ്ചരക്കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അന്‍വി നായിക്ക് എന്നയാള്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണാബ് ഗോസ്വാമിയെ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആലിബാഗ് ജയിലിന്റെ ക്വാറന്റീന് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ പാര്‍പ്പിച്ചിരുന്ന അര്‍ണാബിനെ ഇന്നലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
2018ലെ കേസില്‍ മഹാരാഷ്ട്രയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അര്‍ണാബ് ഗോസ്വാമിയെ സംരക്ഷിച്ചുവരികയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബിന്റെ പേര് പരാമര്‍ശിച്ചിട്ടും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് മഹാരാഷ്ട്രാ പോലീസ് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതലുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.






