
ചരിത്രം കുറിച്ച് ആദ്യമായി ഒരു ഭിന്നലിംഗക്കാരിയ്ക്ക് സുന്ദരിപ്പട്ടം. ഫിലിപ്പൈന്‍ സ്വദേശി ഏരിയല്‍ കൈല്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മിസ് ഇന്റര്‍കോണ്ടിനെന്റല്‍ ന്യൂസിലന്റ് 2020 സൗന്ദര്യ മത്സരത്തിലാണ് ഏരിയല്‍ വിജയിയായത്. മിസ് ന്യൂസിലാന്റ് മത്സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് ഈ 26 കാരി.
2020 ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷമായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഒരു ട്രാന്‍സ്ജെന്‍ഡറിനെ അംഗീകരിക്കുന്നതായിരുന്നില്ല ഏരിയല്‍ കൈലിന്റെ കുടുംബം. അതിനാല്‍ തന്നെ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് നേട്ടം സ്വന്തമാക്കിയത്. ലിംഗമാറ്റം ലക്ഷ്യമിട്ട് 2017 ല്‍ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചത് വീട്ടുകാര്‍ അറിഞ്ഞതോടെ പുറത്താക്കപ്പെട്ടു. വീട്ടില്‍ തുടരണമായിരുന്നെങ്കില്‍ ഹോര്‍മോണ്‍ ചികിത്സയും തുടര്‍ന്നുള്ള ശസ്ത്രക്രിയകളില്‍ നിന്നും പിന്മാറണമായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ തന്നെ പിന്നോട്ടുവലിക്കുന്ന എല്ലാത്തിനെയും അവഗണിച്ച് അവര്‍ മുമ്പോട്ട് തന്നെ കുതിച്ചു.
ആന്‍ഡ്രു എന്നായിരുന്നു ആദ്യകാല പേര്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്ക് മാറാന്‍ തീരുമാനിച്ചപ്പോള്‍ ഏരിയല്‍ ഈ പേരും തിരഞ്ഞെടുത്തു. 2020 ന്റെ തുടക്കകാലത്താണ് ഏരിയല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. ശസ്ത്രക്രിയയ്ക്കുശേഷവും ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും പുതിയൊരു ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതിന്റെ സന്തോഷമായിരുന്നു അതിനെല്ലാം ഉപരിയായി തന്നെ മുന്നോട്ടു നയിച്ചതെന്ന് അവര്‍ പറയുന്നു.
തന്നെപ്പോലെയുള്ള വിഭാഗങ്ങളോട് സമൂഹം വെച്ചുപുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കുന്നതിന് ഈ വിജയം കാരണമാകട്ടെ എന്ന് പറയുന്നതോടൊപ്പം ഇവിടെ ജീവിക്കാന്‍ എല്ലാവര്ക്കും തുല്യ അവകാശമാണ് ഉള്ളതെന്നും ഏരിയല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഫാഷന്‍ ഡിസൈനിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഏരിയല്‍. ഈ മത്സരം തന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാണെന്നാണ് ഏരിയല്‍ വിശ്വസിക്കുന്നത്. തികഞ്ഞ നിശ്ചയദാര്‍ഢ്യവും അര്‍പ്പണ മനോഭാവവുമാണ് ഏരിയല്‍ കൈല്‍ എന്ന പേരുകാരിയിലേയ്ക്ക് ലോകശ്രദ്ധ എത്തിച്ചത്. 2018ലെ ലോക സുന്ദരി മത്സരത്തില്‍ മിസ്സ് സ്പെയിന് ആയി തിരഞ്ഞെടുക്കപ്പെട്ട എയ്ഞ്ചല മരിയയും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിതയായിരുന്നു.






