
മുംബൈ: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന് അര്ജുന് രാംപാലിന്റെ സുഹൃത്ത് പോള്‍ ബര്ടെലിനെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റു ചെയ്തു. ഇന്നലെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
ഈ മാസം ഒമ്പതിന് അര്ജുന് രാംപാലിന്റെ വസതിയില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയിരുന്നു. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അര്‍ജുന്റെ കാമുകി ഗബ്രിയേല ദെമെത്രിയാദെസിനെ ബുധനാഴ്ച ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ സഹോദരന് അഗിസിലാവോസ് ദെമെത്രിയാദെസിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന സിന്‍ഡിക്കേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തടുര്‍ന്നാണ് അറസ്റ്റ്.
അതേസമയം, നടന് അര്ജുന് രാംപാല്‍ ചോദ്യം ചെയ്യലിനായി എന്‍.സി.ബി ഓഫീസില്‍ ഇന്ന് രാവിലെ ഹാജരായി. നിര്‍മ്മാതാവ് ഫിറോസ് നദിയദ്വാലയുടെ ഭാര്യ ഷബാന സയിദിനെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് അര്‍ജുനേയും ചോദ്യം ചെയ്യുന്നത്. ജൂഹുവിലെ നദിയദ്വാലയുടെ വീട്ടില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഷബാനയ്ക്ക് നവംബര്‍ 10ന് കോടതി ജാമ്യം നല്‍കിയിരുന്നു.
ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന എല്ലാവരെയും എന്‍.സി.ബി പരിശോധിക്കുകയാണ്. എന്ഫോഴ്സ്മെന്റുമായി യോജിച്ചാണ് അന്വേഷണം.
രജ്പുതിന്റെ കാമുകി റിയ ചക്രബര്‍ത്തിയെ സെപ്തംബര്‍ ഒമ്പതിന് അറസ്റ്റു ചെയ്തിരുന്നു. ഒരു മാസത്തിനു ശേഷം ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.






