
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യയിലേക്കുള്ള മുഖ്യമന്ത്രിയുടെ പതിവ് സന്ദർശനങ്ങൾ അവിടെ നടന്നെന്നാരോപിക്കുന്ന കൊള്ളയ്ക്ക് മേൽനോട്ടം വഹിക്കാനായിരുന്നോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായി എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിൽ, നിരവധി തവണ അയോധ്യ സന്ദർശിച്ചിട്ടും ഇക്കാര്യം നേരത്തെ കണ്ടെത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നതും അഖിലേഷ് ചോദ്യം ചെയ്തു. ക്ഷേത്ര സന്ദർശനങ്ങളുടെ റെക്കോർഡ് മോഷണങ്ങൾ നിരീക്ഷിക്കാനായിരുന്നോയെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്രയധികം തവണ ക്ഷേത്ര സമുച്ചയം സന്ദർശിച്ചിട്ടും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലാതിരുന്നത് എങ്ങനെയാണെന്നും അഖിലേഷ് ചോദിച്ചു. അയോധ്യയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






