
തൃശൂർ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും 18 ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയിൽ. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ പിതാവായ സുധീഷ് (25) രണ്ട് ദിവസം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. അക്കിക്കാവിൽ സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഇന്ന് സുധീഷിന്റെ അസ്ഥി സഞ്ചയന ചടങ്ങ് നടക്കുന്നതിനിടെയാണ് കുടുംബത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്.
കുട്ടിക്ക് പാൽ നൽകിയ ശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും, മൂക്കിൽ നിന്ന് രക്തവും വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ.






