
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ 13 വയസുകാരിക്ക് നേരെ നടുക്കുന്ന ക്രൂരത. അഞ്ച് ദിവസത്തിനിടെ 30-ലധികം പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ ഹോട്ടൽ ഉടമകളും മാനേജർമാരുമുൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ഒരു റിക്ഷാ തൊഴിലാളി തട്ടിക്കൊണ്ടുപോയ ശേഷം ഹോട്ടൽ ഉടമയ്ക്ക് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് വിവിധ ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് അതിക്രമം നടത്തിയതെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ തുടരുന്നതിനിടെ പെൺകുട്ടി വീട്ടിലെത്തുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സംഭവം രാജസ്ഥാനിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രദേശത്ത് ഏകദേശം 150 അനധികൃത ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ രൂപീന്ദ്ര സിങ് കുന്നാർ ആവശ്യപ്പെട്ടു.
കേസിൽ കർശന നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. സംഭവം ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദികൾ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.






