
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞ മന്ത്രിസഭയുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ബീഹാറിലെ നിയമസഭാ തെരഞ്ഞെുടപ്പില്‍ വിജയിച്ചു എംഎല്‍എ മാരായി മാറിയ 70 ശതമാനം പേരും ക്രിമിനല്‍ കുറ്റങ്ങള്‍ പേരിലുള്ളവരെന്ന് റിപ്പോര്‍ട്ട്. കൊലപാതകം മുതല്‍ വധശ്രമവും തട്ടിക്കൊണ്ടുപോകലും സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യം നടത്തിയവരുമെല്ലാം ഇതിലുണ്ട്. നിഷ്പക്ഷ നിലപാടുകളുള്ള എന്‍ജിഒ ആയ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് നല്കുന്ന കണക്കുകള്‍ പ്രകാരം 68 ശതമാനം എംഎല്‍എമാര്‍ ക്രിമിനല്‍ കുറ്റകൃത്യം നേരിടുന്നവരാണ്. മൊത്തം എംഎല്‍എമാരില്‍ 168 പേരോളം വരും.
മൊത്തം 243 എംഎല്‍എമാരില്‍ 241 പേരുടേയും വിവരങ്ങള്‍ എഡിആര്‍ വിശകലനത്തിന് എടുത്തു. രണ്ടുപേര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. 163 എംഎല്‍എമാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കപ്പെട്ടവരാണ് 123 പേര്‍ക്കെതിരേ ഗുരുതരമായ കുറ്റകൃത്യങ്ങളും ഉണ്ട്. 19 പേര്‍ക്കെതിരേ 302 വകുപ്പ് പ്രകാരമുള്ള കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 31 എംഎല്‍എ മാര്‍ക്കെതിരേ വധശ്രമത്തിന് കേസുണ്ട്. സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യം നടത്തിയതിന് എട്ടു പേര്‍ക്കെതിരേയാണ് കേസ്. സ്ഥാനാര്ത്ഥികള്ക്കെതിരേയുള്ള ക്രിമിനല്‍ ആരോപണങ്ങളും എന്തുകൊണ്ടാണ് അവരെ സ്ഥാനാര്‍ത്ഥികളാക്കിയത് എന്നും പ്രസിദ്ധപ്പെടുത്തണമെന്ന് ഫെബ്രുവരിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബീഹാറിലേത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ആര്‍ജെഡി ആയിരുന്നു. 74 എംഎല്‍എ മാരാണ് അവര്‍ക്ക് ഉണ്ടായത്. മൊത്തത്തില്‍ 73 ശതമാനം. എന്നാല്‍ ഇവരില്‍ 54 പേരും ക്രിമിനല്‍ പ്രവര്‍ത്തനം ആരോപിക്കപ്പെട്ടവരാണ്. രണ്ടാമത്തെ വലിയ കക്ഷി 73 എംഎല്‍എമാരുള്ള ബിജെപിയാണ്. 64 ശതമാനത്തോളം വരും എംഎല്‍എമാരുടെ കണക്ക്. ഇവരില്‍ 47 എംഎല്‍എ മാര്‍ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടവരാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ നിതീഷ്കുമാറിന്റെ ജെഡിയുവിന് കിട്ടിയത് 43 സീറ്റായിരുന്നു. ഇതില്‍ 20 പേരും ക്രിമിനല്‍ കുറ്റമുള്ളവരാണ്. മഹാഗദ്ബന്ധനിലെ രണ്ടാമന്മാരായ കോണ്‍ഗ്രസില്‍ ജയിച്ചു കയറിയ 19 ല്‍ 18 പേര്‍ക്കും ക്രിമിനല്‍ കുറ്റാരോപിതരാണ്. എഐഎംഐഎമ്മിലാകട്ടെ ജയിച്ച അഞ്ചു പേരും ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ്.
കൂട്ടത്തിലെ ഏറ്റവും വലിയ വില്ലന്‍ മോകാമാ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ 'ഛോട്ടാ സര്‍ക്കാര്‍' എന്നു വിളിപ്പേരുള്ള അനന്ത് സിംഗാണ്. എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും വീട്ടില്‍ നിന്നും പിടിച്ചതിനെ തുടര്‍ന്ന് ജയിലിലായ അനന്ത് സിംഗ് അവിടെ കിടന്നു കൊണ്ടായിരുന്നു മത്്സരിച്ചത്. ഏഴു കൊലപാതകം അടക്കം 38 ക്രിമിനല്‍ കേസുകള്‍ നേരിടുന്ന അനന്ത് സിംഗ് അറിയപ്പെടുന്നത് തന്നെ അധോലോക നായകനായിട്ടാണ്. കഴിഞ്ഞ നാലു തവണയും നിതീഷിന്റെ ജെഡിയുവിനൊപ്പം മത്സരിച്ച അനന്ത് സിംഗ് ഇത്തവണ എതിരാളികളായ ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. ഒരു യാദവ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗിനെതിരേ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടി വലിയ ബഹളം വെച്ചതായിരുന്നു. എന്നാല്‍ ആര്‍ജെഡിയും ജെഡിയുവും ഒരുമിച്ച് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സിംഗിനെ കൊലപാതകത്തിന് അറസ്റ്റ് ചെയ്തെങ്കിലൂം ജാമ്യത്തില വിട്ടു.
അടുത്തിടെ ജയില്‍ മോചിതനായ റിതാല് യാദവാണ് വിജയിച്ച മറ്റൊരു കൊടും കുറ്റവാളി. ധനപൂരിലെ എംഎല്‍എയാണ് ഇപ്പോള്‍ യാദവ്. വസ്തു പിടിച്ചെടുക്കല്‍, മനുഷ്യക്കടത്ത്, കൊലപാതക ശ്രമം തുടങ്ങി അനേകം കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരിലുണ്ട്. എന്നാല്‍ വലിയ സ്വാധീനമുള്ള ആളായിട്ടാണ് യാദവിനെ കരുതുന്നത്. മുമ്പ് ഇയാളെ ലാലു പ്രസാദ് യാദവ് ജയിലിലെത്തി കാണാന്‍ ശ്രമിച്ചത് വലിയ വാര്ത്തയായിരുന്നു് 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാടലീപുത്ര മണ്ഡലത്തില്‍ മകള്‍ മിസാ ഭാരതിയുടെ ജയം ഉറപ്പാക്കാന്‍ വേണ്ടിയാണ് റിതാല് യാദവിനെ ലാലു പ്രസാദ് കാണാന്‍ വന്നത്. എന്നിട്ടും മിസാഭാരതി തോറ്റുപോയി.
സിപിഎംഎല്ലിന്റെ കതിഹാര്‍ ബല്റാംപൂര് എംഎല്‍എ മെഹ്ബൂബ് ആലത്തിനെതിരേയും 28 കേസുകളുണ്ട്. അനന്ത് സിംഗ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളയാളും ഇയാള്‍ തന്നെ. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് എന്നിവയാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം. പെണ്‍വാണിഭ റാക്കറ്റുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരേ കേസുണ്ട്. വലിയ ക്രിമിനലുകളായ ഇവരുടെ റോബിന്‍ഹൂഡ് ഇമേജ് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം വോട്ടായി മാറുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നതാണ് ഇവര്‍ക്ക് സീറ്റ് കിട്ടാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.






