
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മഹാസഖ്യത്തിനുണ്ടായ പരാജയത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ച് ആര്.ജെ.ഡി മുന്‍ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി. തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ എത്തിനില്ക്കുമ്പോള് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കയുടെ ഷിംലയിലെ വസതിയില്‍ പിക്നിക്കില്‍ ആയിരുന്നുവെന്നാണ് ശിവാനന്ദ് തിവാരിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിനെ അദ്ദേഹം എത്ര ഗൗരവത്തിലാണ് കണ്ടതെന്ന് തെളിയിക്കുന്നതാണിത്. രാജ്യം മുഴുവന്‍ ഇത് ശ്രദ്ധിക്കുകയായിരുന്നു. ഇതാണോ ഒരു പാര്‍ട്ടിയെ നയിക്കുന്ന രീതിയെന്നും ശിവാനന്ദ് തിവാരി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ മൂന്നു ദിവസം മാത്രമാണ് ബിഹാറിലുണ്ടായിരുന്നത്. ഒരു ദിവസം രണ്ട് യോഗങ്ങളില്‍ മാത്രമാണ് പ്രസംഗിച്ചത്. ആകെ സംസ്ഥാനത്ത് ആറ് യോഗങ്ങളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രായംകൊണ്ട് രാഹുലിനേക്കാള്‍ ഏറെ മുതിര്‍ന്നയാളാണ്. അദ്ദേഹം മൂന്നോ നാലോ യോഗങ്ങളില്‍ ഒരു ദിവസം പ്രസംഗിച്ചു. മൂന്നു ദിവസത്തെ പ്രചാരണത്തിനു ശേഷം രാഹുല്‍ ഷിംലയ്ക്ക് പോയെന്നും തിവാരി പറഞ്ഞു. ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനാണ് തിവാരി.
മഹാഗദ്ബന്ധന് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലും ഇക്കാര്യം താന്‍ ഉന്നയിച്ചിരുന്നുവെന്നും തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായിരുന്നില്ല. 70 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച കോണ്‍ഗ്രസ് 70 യോഗങ്ങള്‍ പോലും വിളിച്ചില്ല. അത് രാജ്യം ശ്രദ്ധിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തുകൊണ്ട് പ്രിയങ്ക ഗാന്ധി വന്നില്ലെന്നും തിവാരി ചോദിച്ചു.
ബിഹാറില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമാണ് ഭരണം പിടിക്കാന്‍ ആവശ്യമായ 123 സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാണ്.






