
കളമശേരി: മൂന്ന് കിലോയോളം സ്വര്ണ്ണവും 25 കിലോ വെള്ളിയും മോഷണം പോയ ഏലൂരില് നടന്ന ജ്വല്ലറി കവര്ച്ച പൊലീസിനൊപ്പം നാട്ടുകാരെയും ഞെട്ടിച്ചു. 10ഗ്രാം സ്വര്ണം പോലും സൂക്ഷിക്കാന് ഉറപ്പില്ലാത്ത, പെട്ടിക്കടയുടെ വലിപ്പമുള്ള മുറിയില് 3 കിലോഗ്രാം സ്വര്ണാഭരണങ്ങളും 25 കിലോഗ്രാം വെള്ളി ആഭരണങ്ങളും സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കാന് പോലീസിനും നാട്ടുകാര്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. പഴകി ദ്രവിച്ച കെട്ടിടത്തിലാണ് ജ്വല്ലറി പ്രവര്ത്തിക്കുന്നത്. ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടം നില്ക്കുന്നതാകട്ടെ പൊലീസ് സ്റ്റേഷനില് നിന്ന് 200 മീറ്റര് മാത്രം ദൂരത്തിലാണ്. 362 പവനും 25 കിലോ വെള്ളിയാഭരണങ്ങളുമാണ് മോഷണം പോയത്. ജ്വല്ലറിയുടെ ലോക്കര് തകര്ത്തായിരുന്നു കവര്ച്ച. ജ്വല്ലറിയോട് ചേര്ന്ന് പ്രവര്ത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാര്ബര് ഷോപ്പിന്റെ ചുമര് തുരന്നാണ് മോഷ്ടാക്കള് അകത്തുകടന്നത്. കടയിലെ സിസിടിവി പ്രവര്ത്തിച്ചിരുന്നുമില്ല.
ഗ്യാസ് കട്ടര് ഉപയോഗിച്ചാണ് ലോക്കര് തകര്ത്തിരിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സില് പ്ലൈവുഡ്ഷീറ്റ് ഉപയോഗിച്ച് ഒരു മുറി രണ്ടായി തിരിച്ചാണ് ജ്വല്ലറിയും ഒ.കെ സലൂണും പ്രര്ത്തിക്കുന്നത്. സലൂണിന്റെ ഉടമയും വിജയ കുമാറാണ്. ഞായറാഴ്ച രാത്രി 11നും തിങ്കളാഴ്ച പുലര്ച്ചെ നാലിനു ഇടയില് മുറിയുടെ പുറകുവശത്ത് ഒ.കെ സലൂണിന്റെ മതില് തുരന്നാണ് മോഷ്ടാവ് സലൂണില് കടന്നത്. തുടര്ന്ന് സലൂണിലെ വാഷ്ബേസിന് എടുത്ത് മാറ്റി ഷീറ്റ് പൊളിച്ച് ജ്വല്ലറിയില് കടന്നു. ജ്വല്ലറിയിലെ മുക്കാല് ഇഞ്ച് കനമുള്ള ലോക് ലിവര് തിരിക്കുന്നു ചക്രം അറുത്തു മുറിച്ചാണ് ലോക്കര് തുറന്നത്.

ഞായറാഴ്ച ജ്വല്ലറി പ്രവര്ത്തിക്കാറില്ല. സലൂണ് ഞായറാഴ്ച രാത്രി ഏഴു വരെ പ്രവര്ത്തിച്ചിരുന്നു. 2000 ല് പ്രവര്ത്തനം ആരംഭിച്ചതാണ് ജ്വല്ലറി. 12 അടി വീതിയും 20 അടി നീളവുമുള്ളതാണു് ജ്വല്ലറിയും സലൂണും പ്രവര്ത്തിക്കുന്ന മുറി. ഇതില് 60 ശതമാനം സ്ഥലത്തും സലൂണാണ്. സ്ഥലവും ജ്വല്ലറിയും നല്ല പരിചയമുള്ളവര്ക്കേ ഫാക്ട് കോമ്പൗണ്ടില് കയറി കൃത്യമായി സലൂണിന്റെ പുറത്തെ മതില് കുത്തിത്തുറക്കാന് ആകൂ. ഫാക്ട് ഹെഡ് ഓഫീസുമായി 50 മീറ്ററോളം അകലത്തിലാണ് ജ്വല്ലറി. ഹെഡ് ഓഫീസ് ഗേറ്റില് 24 മണിക്കൂറും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുണ്ടാവും.
ഡി.സി.പി. രമേഷ് കുമാര്, എ.സി.പി ലാല്ജി, ഏലൂര് പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് എം.മനോജ് എന്നിവര് സ്ഥലത്തെത്തി അന്വേഷണം നടത്തി ഡോഗ് സ്ക്വാഡ്, ഫിങ്കര് പ്രിന്റ്, ഫോറന്സിക്ക് വിഭാഗങ്ങളും സ്ഥലത്തെത്തി അന്വേഷണം നടത്തി. കെട്ടിടത്തിനു പിന്നിലെ കാടും മോഷ്ടാക്കള്ക്ക് അനുഗ്രഹമായി. 2000ത്തില് പ്രവര്ത്തനം തുടങ്ങിയ ജ്വല്ലറി നാട്ടുകാര്ക്ക് വിശ്വസ്ത സ്ഥാപനമായിരുന്നു. സ്വന്തമായി ആഭരണങ്ങള് നിര്മിച്ചും തൃശൂരില് നിന്ന് ആഭരണങ്ങള് എത്തിച്ചുമായിരുന്നു ജ്വല്ലറി പ്രവര്ത്തിച്ചിരുന്നത്. സ്ട്രോങ് റൂമിന്റെ ഉറപ്പിലായിരുന്നു വിജയകുമാറിന്റെ വിശ്വാസം.







Comments